ന്യൂഡെൽഹി: ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീവ്രവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ. ആഗോള തലത്തിൽ കൊവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ മരുന്ന് ഉൽപാദനത്തിന് ഇന്ത്യക്ക് വലിയ സംഭാവന നൽകാൻ കഴിഞ്ഞു. ബ്രിക്സ് രാജ്യങ്ങളുടെ നേതാക്കൾ പങ്കെടുക്കുന്ന വെർച്വൽ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
പന്ത്രണ്ടാമത് ഉച്ചകോടിക്ക് റഷ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഭീകരവാദത്തെ ബ്രിക്സ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന് മോദി യോഗത്തിൽ ആവശ്യപ്പെട്ടു. 150ൽ അധികം രാജ്യങ്ങൾക്ക് മരുന്നുകൾ നൽകാൻ ഇന്ത്യക്ക് കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനൊപ്പം കോവിഡ് വാക്സിൻ വിതരണത്തിലും ഇന്ത്യക്ക് കാര്യമായി സംഭാവന നൽകാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആഗോള സംഘടനകളായ ഐഎംഎഫ്, ലോകാരോഗ്യ സംഘടന, ലോക വ്യാപാര സംഘടന എന്നിവയിൽ നവീകരണം ആവശ്യമാണ്. 15 വർഷം പൂർത്തിയാക്കുന്ന ബ്രിക്സിന്റെ തീരുമാനങ്ങളെ വിലയിരുത്തി ഒരു റിപ്പോർട്ട് തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രസീൽ, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങൾ. 2006ലാണ് കൂട്ടായ്മ രൂപം കൊണ്ടത്. ലോകത്തിലെ ഏറ്റവും വളർച്ചയുള്ള സാമ്പത്തിക ശക്തികളുടെ കൂട്ടായ്മ എന്ന നിലയിൽ ബ്രിക്സിന് ഏറെ പ്രാധാന്യമുണ്ട്.
Read Also: സ്നേഹം സെലിബ്രിറ്റികളോട് മാത്രം; എഡിറ്റേഴ്സ് ഗില്‍ഡില്‍ നിന്ന് രാജിവെച്ച് പട്രീഷ്യ മുഖിം








































