കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ നടന്ന സമരം അടിച്ചമർത്താനുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വിവിധ വാർഡുകളിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്ത് ജനകീയ സമരസമിതി. പ്രതിഷേധക്കാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ്, കരിമ്പാലക്കുന്ന്, ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചാക്കിക്കാവ്, താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ, കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ, കട്ടിപ്പാറ, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങാട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താൽ.
സംഭവത്തിൽ 321 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ളോക്ക് പ്രസിഡണ്ടും പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് ഒന്നാംപ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പോലീസിന്റെ ആക്രമിച്ചതിലാണ് 321 പേർക്കെതിരെ കേസ്.
പ്രതികളെ പിടികൂടാൻ പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. ഡിഐജി യതീഷ് ചന്ദ്ര സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവം ആസൂത്രിത ആക്രമണമെന്നാണ് ഡിഐജി വ്യക്തമാക്കിയത്. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് ആക്രമണം നടത്തിയതെന്നും ഇതിന് പിന്നിൽ ചില തൽപ്പരകക്ഷികളാണെന്നും ഡിഐജി പറഞ്ഞു.
അറവുമാലിന്യ കേന്ദ്രത്തിൽ ജീവനക്കാർ ഉള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടതെന്നും പോലീസ് ആരോപിക്കുന്നു. തീ അണയ്ക്കാൻ പോയ ഫയർഫോഴ്സ് എൻജിനുകളെ പോലും തടഞ്ഞുവെച്ചു. കർശനമായ നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഡിഐജി അറിയിച്ചു. ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ ഇന്നലെ നടന്ന ജനകീയ സമരം അക്രമത്തിൽ കലാശിച്ചിരുന്നു.
പ്രതിഷേധത്തിനിടെ നാട്ടുകാർ തീയിട്ടതോടെ ഫാക്ടറി കത്തിനശിച്ചു. റൂറൽ എസ്പി കെഇ ബൈജുവിനും സിഐക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതോടെ പോലീസ് നിരവധി തവണ ഗ്രനേഡ് പ്രയോഗിച്ചു. സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രം അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫാക്ടറിയിൽ നിന്നും പുറത്തുവരുന്ന ദുർഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!








































