ന്യൂഡെൽഹി: കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂർ എംപി. രാഹുൽ ഗാന്ധിയുമായി തരൂരിനെ താരതമ്യപ്പെടുത്തി കൊണ്ടുള്ള ഒരു എക്‌സ് പോസ്‌റ്റ് പങ്കുവെച്ചുകൊണ്ടാണ് തരൂരിന്റെ പുതിയ നീക്കം. രാഹുൽ ഗാന്ധിയും ശശി തരൂരും കോൺഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്‌ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ഒരു എക്‌സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്‌റ്റ് ആണ് തരൂർ പങ്കുവെച്ചത്.
രാഹുൽ ഗാന്ധിയും തരൂരും കോൺഗ്രസിനുള്ളിൽ രണ്ട് പ്രത്യയശാസ്‌ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ഇതിനെ ഒരുമിപ്പിച്ച് കൊണ്ടുപോകാൻ സാധിക്കാത്തതാണ് കോൺഗ്രസിന്റെ പ്രശ്‌നമെന്നും പങ്കുവെക്കപ്പെട്ട പോസ്‌റ്റിൽ പറയുന്നു. തരൂരിനെപ്പോലുള്ള നേതാക്കളെ പാർട്ടി ഒതുക്കുന്നുവെന്നും ദിശാബോധമില്ലാതെയാണ് കോൺഗ്രസ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും കുറിപ്പിൽ വിമർശിക്കുന്നു.
ഈ കുറിപ്പിലെ അഭിപ്രായ പ്രകടനങ്ങളെ ശരിവെച്ചുകൊണ്ടാണ് തരൂർ പോസ്‌റ്റ് പങ്കുവെച്ചിരിക്കുന്നത്. ”ചിന്തിപ്പിക്കുന്ന ഈ അവലോകനത്തിന് നന്ദി. പാർട്ടിയിൽ എല്ലായ്‌പ്പോഴും ഒന്നിലധികം പ്രവണതകൾ ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ നിരീക്ഷണം ശരിയാണ്. നിലവിലെ യാഥാർഥ്യത്തെ കുറിച്ചുള്ള കൃത്യമായ ധാരണ പ്രതിഫലിപ്പിക്കുന്നതാണ് ഈ പോസ്‌റ്റ്” എന്നും തരൂർ കുറിച്ചു.
ഇതാദ്യമായല്ല തരൂർ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. തരൂരിന്റെ സമീപകാല നിലപാടുകളെല്ലാം കോൺഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. മോദിയെ പുകഴ്‌ത്തിക്കൊണ്ടും കുടുംബ രാഷ്‌ട്രീയത്തെ എതിർത്തുകൊണ്ടും നേരത്തെ തരൂർ രംഗത്തെത്തിയിരുന്നു. രണ്ടിദിവസം മുൻപ് രാഹുൽ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തി നിന്നും തരൂർ വിട്ടുനിന്നിരുന്നു. പാർട്ടിയുടെ സുപ്രധാന യോഗങ്ങളിൽ നിൻ വിട്ടുനിൽക്കുന്നത് ആവർത്തിക്കുന്നതിൽ നേതൃത്വത്തിന് അതൃപ്‌തിയുണ്ട്.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം





































