ആനക്കര: ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സൈക്കിൾ എന്നത്. ആഗ്രഹം പൂർത്തീകരിക്കാൻ നാണയത്തുട്ടുകൾ കൂട്ടിവച്ച് കൊച്ചു സമ്പാദ്യവും ആദിദേവ് എന്ന ഒൻപത് വയസുകാരൻ ഉണ്ടാക്കിയിരുന്നു. എന്നാൽ തൽക്കാലം സൈക്കിൾ എന്ന സ്വപ്നം ആദിദേവ് ഉപേക്ഷിച്ചിരിക്കുകയാണ്. കരുതിവച്ച കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.
കപ്പൂർ പള്ളങ്ങാട്ടുചിറയിലെ പള്ളങ്ങാട്ടുപറമ്പിൽ ഉണ്ണിക്കൃഷ്ണന്റെയും സുശീലയുടെയും മകനാണ് ഇടപ്പറമ്പ് എജെബി സ്കൂളിലെ നാലാം ക്ളാസ് വിദ്യാർഥിയായ ആദിദേവ്. ആദിദേവിന്റെ വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു സൈക്കിൾ. അതിനായി ഒരു വർഷത്തോളമായി തനിക്കുകിട്ടുന്ന പണം കുടുക്കയിലിട്ട് സ്വരുക്കൂട്ടി വച്ചിരുന്നു.
എന്നാൽ കോവിഡ് മഹാമാരി മൂലം ജനങ്ങൾ പ്രയാസപ്പെടുമ്പോൾ സൈക്കിളിനേക്കാൾ ആവശ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകലാണെന്ന് തിരിച്ചറിഞ്ഞ് ആദിദേവ് മാതാപിതാക്കളെ തന്റെ ആഗ്രഹം അറിയിക്കുകയായിരുന്നു. മകന്റെ തീരുമാനത്തിന് അവരും പൂർണ സമ്മതം മൂളി.
തുടർന്ന് ഇക്കാര്യം കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിലിനെ അറിയിക്കുകയും തുക കൈമാറുകയുമായിരുന്നു. സഹോദരി അനുജയും ആദിദേവിന്റെ കൂടെ ഉണ്ടായിരുന്നു.
Also Read: കരുതിവച്ച കുഞ്ഞു സമ്പാദ്യം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകി രണ്ടാം ക്ളാസുകാരൻ







































