പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ഥികളിൽ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ആന്റോ, സജ്‌ഞയ് കൃഷ്‌ണൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അതേസമയം, ഇവർക്കൊപ്പം അപകടത്തിൽപെട്ട പൂർണേഷിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു.
കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളായ സജ്‌ഞയ്, ആന്റോ, പൂർണേഷ് എന്നിവരെ ആയിരുന്നു കാണാതായത്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് തമിഴ്‌നാട് ഭാഗത്ത് നിന്നും രണ്ട് ബൈക്കുകളിലായി ഇവർ ഡാമിൽ എത്തിയത്. ഡാമിലെ തമിഴ്‌നാട് പിച്ചെന്നൂര്‍ ഭാഗത്താണ് കുളിക്കാനിറങ്ങിയത്. തുടർന്ന് മൂന്നുപേർ അപകടത്തിൽ പെടുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്‌കൂബ ഡൈവിംഗ് സംഘവുമെത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. തുടർന്ന് ഇന്ന് രാവിലെ പുനരാരംഭിച്ച തിരച്ചിലിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. അതേസമയം, കൂടുതൽ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളിൽ മുങ്ങിത്താഴുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്. കോയമ്പത്തൂർ നദർ ഷൺമുഖന്റെ മകനാണ് പൂർണേഷ്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളാണ് ആന്റോയും സജ്‌ഞയ് കൃഷ്‌ണയും.
Read Also: ജില്ലയിൽ നായാട്ടു സംഘങ്ങൾ സജീവം; നാലുമാസത്തിനിടെ അറസ്‌റ്റിലായത് 16 പേർ