കൊല്ലം: ജമ്മു കശ്‌മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുക.
അവിടെ നിന്നും സര്‍ക്കാര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങും. ശേഷം വ്യോമസേനാ ആസ്‌ഥാനത്തേക്ക് മാറ്റുന്ന ഭൗതിക ശരീരം നാളെ ഉച്ചക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
കൊല്ലം ഓടനാവട്ടം സ്വദേശി എച്ച് വൈശാഖ് ഇന്നലെയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വൈശാഖ് അടക്കം അഞ്ചു സൈനികരാണ് ഇന്നലെ കശ്‌മീരിൽ വീരമൃത്യു വരിച്ചത്. ഇതിൽ മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്.
പൂഞ്ചിലെ വനമേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ഭീകരർ ശ്രമിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഇന്നലെ സുരക്ഷാ സേന പൂഞ്ച് ജില്ലയിൽ തിരച്ചിൽ ആരംഭിച്ചത്. എന്നാൽ, തിരച്ചിലിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
പരിക്കേറ്റ വൈശാഖ് അടക്കമുള്ള അഞ്ച് സൈനികരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 24കാരനായ വൈശാഖ് 2017ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. മഹാരാഷ്‌ട്രയിലെ പരിശീലനത്തിനു ശേഷം പഞ്ചാബിലായിരുന്നു പോസ്‌റ്റിംഗ്. പിന്നീടാണ് പൂഞ്ചിലേക്ക് മാറിയത്. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ വൈശാഖ് വീരമൃത്യു വരിച്ചത്.
Most Read: ലഖിംപൂർ; കർഷകരുടെ ചിതാഭസ്‌മം കൊണ്ടുള്ള പ്രതിഷേധ യാത്രയ്‌ക്ക് ഇന്ന് തുടക്കം