ലഖ്നൗ: ഉത്തർപ്രദേശിൽ രണ്ടുദിവസം മുൻപ് കാണാതായ എട്ട് വയസുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബുലന്ദ്ഷഹറിലെ ഡോക്ടറുടെ മകനെയാണ് ഛാത്രി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഡോക്ടറുടെ മുൻ ജീവനക്കാരായ നിജാം, ഷാഹിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് മുതലാണ് എട്ട് വയസുകാരനെ കാണാതായത്. തുടർന്ന് ഡോക്ടറായ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് ഡോക്ടറുടെ മുൻ ജീവനക്കാരായ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു.
ഡോക്ടറുടെ കൗണ്ടർമാരായിരുന്ന നിജാമിനെയും ഷാഹിദിനെയും രണ്ടുവർഷം മുൻപാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ജോലിയിൽ പിഴവ് വരുത്തിയതായിരുന്നു കാരണം. ഇതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികൾ അന്ന് തന്നെ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. ഛാത്രി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
Also Read: ഗൂഢാലോചന കേസ്; ദിലീപിന്റെയും ബന്ധുക്കളുടെയും ഫോണുകൾ ഹാജരാക്കി








































