പാലക്കാട്: ജില്ലയിൽ സർക്കാർ മേഖലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ഐസിയു അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വികെ ശ്രീകണ്ഠൻ എംപി ഫ്ളാഗ് ഓഫ് ചെയ്തു. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചിലവഴിച്ചാണ് ആംബുലൻസ് സജ്ജമാക്കിയത്. 6 മാസം മുൻപ് ശിശുമരണങ്ങൾ തുടർച്ചയായുണ്ടായ സാഹചര്യത്തിലാണ് എംപി കോട്ടത്തറയിലേക്ക് ആംബുലൻസ് അനുവദിച്ചത്.
അട്ടപ്പാടിയിൽ നിന്ന് വിദഗ്ധ ചികിൽസക്കായി മറ്റിടങ്ങളിലേക്ക് അയക്കുന്ന രോഗികൾ ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകളില്ലാതെ യാത്രാ മധ്യേ മരിച്ച സംഭവങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആവശ്യമായ അധിക തുക അനുവദിച്ച് ആംബുലൻസിൽ ഐസിയു സംവിധാനം ഒരുക്കാൻ എംപി നിർദ്ദേശിച്ചത്.
ആംബുലൻസിലേക്ക് ആവശ്യമായ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലും പാലക്കാട് മെഡിക്കൽ കോളേജിലും നിലവിൽ സ്വകാര്യ മേഖലയിലെ എഎൽഎസ് ആംബുലൻസുകളാണ് ഉപയോഗിക്കുന്നതെന്ന് വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. എൻ ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ മൃൺമയി ജോഷി ശശാങ്ക്, ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ ബിനുമോൾ, ഡിഎംഒ ഡോ. കെപി റീത്ത, പുതൂർ പഞ്ചായത്ത് അധ്യക്ഷ ജ്യോതി അനിൽകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. മുഹമ്മദ് അബ്ദുൽ റഹ്മാൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Most Read: 50,000 യൂണിറ്റ് വാഹനങ്ങളുടെ നിർമാണം പൂർത്തിയാക്കി ഒല