വയനാട് : ജില്ലയില്‍ ഇനി സ്വന്തമായി ഒരു മെഡിക്കല്‍ കോളേജ് ഉയരും. സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം തള്ളി, സ്വന്തം നിലയില്‍ വയനാട്ടില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഭൂമി ഏറ്റെടുത്ത് പുതിയ മെഡിക്കല്‍ കോളേജ് ജില്ലയില്‍ സ്ഥാപിക്കും.
ഡിഎം വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നിര്‍ദേശമാണ് ആദ്യം മുന്നോട്ട് വച്ചിരുന്നത്. തുടര്‍ന്ന് ഇതിനെ പറ്റി പഠിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. എന്നാല്‍ ടിഎം വിംസിന്റെ ഉടമസ്ഥരായ ഡിഎം എഡ്യുക്കേഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെയാണ് സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നടപടി സര്‍ക്കാര്‍ ഉപേക്ഷിച്ചത്.
ജില്ലയില്‍ പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ അതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ മന്ത്രിമാരായ കെകെ ശൈലജ, ഇ ചന്ദ്രശേഖരന്, ചീഫ് സെക്രട്ടറി ഡോക്ടർ വിശ്വാസ് മേത്ത, നിയമ സെക്രട്ടറി പികെ അരവിന്ദ് ബാബു, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്ടർ രാജന് ഖൊബ്രഗഡെ എന്നിവര്‍ പങ്കെടുത്തു.
Read also : നാളെ മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കുന്നു; ബജറ്റ് 15ന്