ടെഹ്‌റാൻ: ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസിയുടെ ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണ് സംഭവം. അപകട സമയത്ത് ഇബ്രാഹീം റഈസി ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്‌ദുല്ലാഹിയാനും ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നു.
തലസ്‌ഥാനമായ ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയായിരുന്നു അപകടമെന്ന് ഇറാൻ വാർത്താ ഏജൻസി വ്യക്‌തമാക്കുന്നു. കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ, മറ്റു ഉദ്യോഗസ്‌ഥർ എന്നിവരും ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. മോശം കാലാവസ്‌ഥ കാരണം രക്ഷാപ്രവർത്തകർക്ക് സംഭവ സ്‌ഥലത്തേക്ക് എത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്.
കനത്ത മഴയും മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്‌ടിക്കുന്നുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അസർബൈജാൻ പ്രസിഡണ്ട് ഇൽഹാം അൽയേവിയുമായി ചേർന്ന് ഒരു അണക്കെട്ട് ഉൽഘാടനം ചെയ്യാനാണ് ഇന്ന് പുലർച്ചെ ഇബ്രാഹീം റഈസി അസർബൈജാനിൽ എത്തിയത്. അസർബൈജാനും ഇറാനും ചേർന്ന് അരസ് നദിയിൽ നിർമിച്ച മൂന്നാമത്തെ അണക്കെട്ടാണിത്.
Most Read| തിരഞ്ഞെടുപ്പ് നാളെ; കനത്ത സുരക്ഷയിൽ മുംബൈ മഹാനഗരം