കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി 2’വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ട് ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നാളെയാണ് കോടതി സിനിമ കാണുക. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇത് മാറ്റണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.
കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ വിവാദമായിരുന്നു. ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗവുമായി ബന്ധപ്പെട്ട് രൂക്ഷമായ ട്രോളുകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയും ചെയ്തു. എന്നാൽ, ടീസറിലുള്ള കാര്യങ്ങളെല്ലാം ചിത്രത്തിലില്ല എന്ന നിലപാടാണ് നിർമാതാക്കൾ സ്വീകരിച്ചത്.
സെൻസർ ബോർഡിന്റെ അനുമതി ഇല്ലാതെയാണ് ടീസർ പുറത്തിറക്കിയതെന്ന് ഹരജിക്കാർ വാദിച്ചു. കേരളത്തിൽ നിന്നുള്ള സംഭവങ്ങളല്ല ചിത്രത്തിലുള്ളത് എന്നാണ് നിർമാതാക്കൾ പറഞ്ഞിട്ടുള്ളത്. എന്നിട്ടും കേരള സ്റ്റോറി എന്നാണ് പേരിട്ടിരിക്കുന്നത്. ലോകം മുഴുവൻ മലയാളികൾ താമസിക്കുന്നുണ്ട്. അവർ മറ്റു സമൂഹങ്ങളിൽ ഉള്ളവർക്കൊപ്പം ജീവിക്കുന്നവരുമാണ്. മോശം പ്രതിച്ഛായ കേരളത്തെ കുറിച്ച് മറ്റുള്ളവർക്ക് തോന്നിപ്പിക്കാനും ഇത് ഇടയാക്കുമെന്ന് ഹരജിക്കാർ വാദിച്ചു.
”കേരളം ഒരു മതേതര സമൂഹമാണ്. വിവിധ സമുദായങ്ങൾ സഹവർത്തിത്തത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. എന്നാൽ, കേരളം മുഴുവൻ അങ്ങനെയല്ലെന്നാണ് നിങ്ങൾ ചിത്രീകരിക്കുന്നത്. അതിൽ തെറ്റായ ഒരു സൂചനയുണ്ട്. അത് വികാരം വ്രണപ്പെടുത്താം. അക്കാര്യം പരിഗണിച്ചോ?”- ഹർജിക്കാരുടെ വാദം ചൂണ്ടിക്കാട്ടി കോടതി സെൻസർ ബോർഡിനോട് ആരാഞ്ഞു.
അതിനൊപ്പ, യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ നിർമിച്ചിരിക്കുന്നതെന്ന നിർമാതാക്കളുടെ അവകാശ വാദത്തെക്കുറിച്ചും കോടതി പരാമർശിച്ചു. ”ഞാൻ സാധാരണയായി സിനിമയുടെ കാര്യങ്ങളിൽ ഇടപെടാറില്ല. ആർട്ടിസ്റ്റുകളുടെ സ്വാതന്ത്ര്യമാണത്. എന്നാൽ, യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എന്ന് പറയുകയും കേരളത്തിന്റെ പേര് ഉപയോഗിക്കുകയും ചെയ്യുമ്പോൾ അത് സംഘർഷത്തിന് ഇടയാക്കില്ലേ?”- കോടതി ചോദിച്ചു.
കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും സിനിമയിൽ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. മത, സാമുദായിക, പ്രാദേശിക വികാരങ്ങളെ ഹനിക്കരുതെന്നാണ് മാർഗനിർദ്ദേശത്തിലുള്ളത്. ചിത്രത്തിന്റെ ഉള്ളടക്കത്തിനെതിരെ ഹരജിക്കാരൻ നൽകിയിട്ടുള്ള പരാതിയിൽ എന്ന് തീരുമാനമെടുക്കുമെന്ന് അറിയിക്കാനും കോടതി നിർദ്ദേശിച്ചു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ



































