കൽപ്പറ്റ: വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി കളക്ടർ അറിയിച്ചു. അതേസമയം, പൊഴുതന, അമ്പലവയൽ പഞ്ചായത്തുകളിലെ ലോക്ക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ തദ്ദേശ സ്ഥാപന പരിധിയിലെ വീക്കിലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ളിയൂഐപിആർ) ഏട്ടിൽ കുറയാത്ത സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടിയത്. മേഖലയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും കളക്ടർ അറിയിച്ചു.
ജില്ലയിൽ കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ ആഘോഷങ്ങൾ വീടുകളിൽ തന്നെ നടത്തണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണം. മതിയായ സാമൂഹികാകലം പാലിച്ച് മാത്രം കടകളിലേക്കും ടൗണുകളിലേക്കും ഇറങ്ങുക. ടൗണുകളിൽ തിരക്കേറിയതിനാൽ മതിയായ സുരക്ഷ ഉറപ്പുവരുത്തുക. സാധനങ്ങളും മറ്റും വാങ്ങുന്നതിനായി കുട്ടികളെയും കൊണ്ട് പുറത്തിങ്ങാതിരിക്കുക കളക്ടർ നിർദ്ദേശം നൽകി.
ഇതുവരെ വാക്സിൻ ലഭിക്കാത്തവർ, ആസുഖങ്ങൾ കാരണം വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്തവർ എന്നിവർക്ക് അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് കടകളിലും മറ്റും പോകണമെങ്കിൽ സത്യവാങ്മൂലം കൈയിൽ കരുതണം. ഇത്തരത്തിലുള്ള വീടുകളിൽ ഹോംഡെലിവെറി സംവിധാനത്തിലൂടെ ആവശ്യസാധനങ്ങൾ എത്തിക്കും. കൂടാതെ, ലൈസൻസ് ഉള്ളവർക്ക് മാത്രമായിരിക്കും വഴിയോര കച്ചവടത്തിന് അനുമതി ഉണ്ടാവുകയെന്നും കളക്ടർ അറിയിച്ചു. അതേസമയം, ജില്ലയിൽ ഇന്നലെ 559 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14.19 ആണ് രോഗ സ്ഥിരീകരണ നിരക്ക്.
Read Also: മാസ്ക് വെക്കാൻ നിർദ്ദേശിച്ച എഎസ്ഐയ്ക്ക് മര്‍ദ്ദനം; പാലക്കാട് സ്വദേശി അറസ്റ്റിൽ







































