മലപ്പുറം: വീട്ടിലേക്ക് വെള്ളം എടുത്തതിന് മകനും മരുമകളും ചേർന്ന് വയോധികനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. നിലമ്പൂർ രാമംകുത്ത് പനയ്ക്കാമുറ്റത്ത് നൈനാനാണ് (89) മർദ്ദനം ഏറ്റത്. സംഭവത്തിൽ നൈനാന്റെ മൂത്ത മകൻ ചെറിയാൻ (65), ഭാര്യ സൂസമ്മ (60) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
എസ്ഐ കെഎസ് സൂരജ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നൈനാന്റെ ഭാര്യ വർഷങ്ങൾക്കു മുൻപ് മരിച്ചു. ഏഴ് മക്കളാണ് ഇവർക്ക് ഉള്ളത്. ചെറിയാനും കുടുംബവും താമസിക്കുന്നതിന് സമീപം പഴയ വീട്ടിലാണ് നൈനാൻ കഴിയുന്നത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; മാർച്ച് 31ന് ഉച്ചക്ക് 2ന് ആണ് സംഭവം. നേരത്തേ മുതൽ നൈനാനും ചെറിയാനും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ട്. രണ്ട് വീട്ടുകാർക്കും കൂടി ഒരു കിണറാണുള്ളത്. മോട്ടർ ഉപയോഗിച്ചു വീട്ടിലെ ടാങ്കിൽ വെള്ളം നിറക്കാൻ നൈനാൻ പൈപ്പ് തിരിച്ചപ്പോൾ മകൻ ചെറിയാനും ഭാര്യ സൂസമ്മയും ഇതിനെ ചോദ്യം ചെയ്യുകയും വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ആയിരുന്നു. ദേഹമാസകലം പരിക്കേറ്റ നൈനാനെ അയൽവാസികളാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
Malabar News: ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർ മരിച്ചു







































