കോഴിക്കോട്: ജില്ലയിൽ എയ്‌ഡ്‌സ്, ക്ഷയം എന്നീ രോഗങ്ങളുടെ വ്യാപനത്തിൽ കുറവ്. രോഗനിർണയ പരിശോധനകളും ബോധവൽക്കരണവും സൗജന്യ ചികിൽസയും വ്യാപകമാക്കിയ സാഹചര്യത്തിലാണ് രോഗികളെ കണ്ടെത്തലും നിർമാർജനവും സാധ്യമായത്. സ്വകാര്യ ആശുപത്രികളെ കൂടി പങ്കാളികളാക്കി രോഗനിർണയവും ചികിൽസയും സജീവമാക്കിയിരുന്നു.
2018ൽ 2776 വരെയുണ്ടായിരുന്ന ക്ഷയ രോഗബാധിതരുടെ എണ്ണം 2020ൽ 2391 ആയി കുറഞ്ഞു. 87 ശതമാനത്തോളം ഉയർന്ന രോഗബാധ 75 ശതമാനം വരെ കുറക്കാനായി. നരിപ്പറ്റ, തൂണേരി, കീഴരിയൂർ, കായണ്ണ, കൊടിയത്തൂർ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെയാണ് രോഗികളുടെ എണ്ണം. ഇതുൾപ്പെടെ 15 പഞ്ചായത്തുകൾ ഈ വർഷം ക്ഷയരോഗ മുക്‌തമാക്കാനാവുമെന്നാണ് പ്രതീക്ഷ.
മരുന്നിനെ പ്രതിരോധിക്കുന്ന ക്ഷയരോഗികളുടെ (എംഡിആർടിബി) എണ്ണത്തിലും കുറവുണ്ടായി. 2019ൽ 39 വരെയുണ്ടായിരുന്ന രോഗികളുടെ എണ്ണം 2020ൽ 27 ആയി കുറഞ്ഞു. കുട്ടികളിലുണ്ടാവുന്ന ക്ഷയത്തിന്റെ (ബാലക്ഷയം) തോതും കുറഞ്ഞു. 2018ൽ ഇത് 192 വരെയായിരുന്നു. 2020ൽ 124 ആയി കുറഞ്ഞു.
എയ്‌ഡ്‌സ് രോഗ നിയന്ത്രണത്തിലും മുന്നേറ്റമാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസക്കായി 2020 ജനുവരി മുതൽ ഒക്‌ടോബർ വരെ 66 പേരാണ് രജിസ്‌റ്റർ ചെയ്‌തത്. 2007ൽ 656 വരെ ഉയർന്ന കണക്കാണ് കുത്തനെ കുറഞ്ഞത്. അമ്മമാരിൽനിന്ന് കുട്ടികളിലേക്ക് രോഗം പകരുന്നതും കുറക്കാനായി. ആന്റി റിട്രോ വൈറൽ ചികിൽസ ഫലപ്രദമായി നടപ്പാക്കിയതിന്റെ ഭാഗമായി 2020-21ൽ എച്ച്‌ഐവി പോസിറ്റീവായ ആറ് അമ്മമാരിൽനിന്ന് കുഞ്ഞിലേക്ക് രോഗം പകർന്നില്ല.
Read Also: ചൂട് കൂടി; കേരളത്തിൽ വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നു