തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നു. 81 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ ഉപഭോഗം. കാലാവസ്ഥ വ്യതിയാനം നിമിത്തം ഫെബ്രുവരിയിൽ തന്നെ ചൂട് കൂടിയതാണ് ഉപഭോഗം കൂടാൻ കാരണമെന്നാണ് നിഗമനം.
സംസ്ഥാനത്ത് ശനിയാഴ്ചത്തെ വൈദ്യുതി ഉപയോഗം 81.84 ദശലക്ഷം യൂണിറ്റ്. 2019 മെയ് 23ന് പാർലമെന്റ് വോട്ടെണ്ണൽ ദിനത്തിലാണ് വൈദ്യുത ഉപഭോഗം സർവകാല റെക്കോഡിലെത്തിയത്, 88.34 ദശലക്ഷം യൂണിറ്റ്. എന്നാൽ ഇത്തവണ ഫെബ്രുവരിയിൽ തന്നെ ഉപഭോഗം കൂടുകയാണ്.
രാത്രിയിൽ ചൂട് കൂടുന്നത് നിമിത്തം എസികളുടെ ഉപയോഗവും വർധിക്കുന്നതാണ് ഇതിന് കാരണം. വൈദ്യുതി ഉപയോഗം കൂടിയതോടെ ഉൽപാദനവും റെക്കോഡ് നിരക്കിലായി. ഇടുക്കി മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോൽപാദനം പരമാവധിയിലാണ്.
14.28 ദശലക്ഷം യൂണിറ്റാണ് ശനിയാഴ്ചത്തെ ഉൽപാദനം. സംസ്ഥാനത്തിന് പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി എത്തിച്ചാണ് മുൻപോട്ട് പോവുന്നത്. ശനിയാഴ്ച കേന്ദ്രഗ്രിഡിൽ നിന്ന് വാങ്ങിയത് 53.8 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. അടുത്ത മാസങ്ങളിൽ ഉപഭോഗം കൂടുതലാവാനാണ് സാധ്യത.
Read Also: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; സിബിഐ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും