അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് എക്സ്പോ വേദിയിൽ ഊഷ്മള വരവേൽപ്. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് അൽ മക്തൂം യുഎഇ ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പ് ചെയർമാനും ദുബായ് സിവില്‍ ഏവിയേഷന്‍ പ്രസിഡണ്ടുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയ്യിദ് അല്‍ മക്തൂം എന്നിവരും മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
കേരള വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍, കോണ്‍സല്‍ ജനറല്‍ അമന് പുരി, ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയർമാനുമായ എംഎ യൂസഫ് അലി എന്നിവരും സന്നിഹിതരായിരുന്നു.
എക്സ്പോ 2020ലെ കേരള പവലിയന് ഫെബ്രുവരി നാലിന് വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും. കേരള പവലിയനില്‍ ഫെബ്രുവരി നാല് മുതല്‍ 10 വരെ നടക്കുന്ന കേരള വീക്കില്‍ വ്യത്യസ്ത പദ്ധതികള്‍, നിക്ഷേപ മാര്‍ഗങ്ങള്‍, ടൂറിസം, ഐടി, സ്റ്റാര്‍ട്ടപ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങളുണ്ടാകും.
Also Read: മീഡിയാ വൺ വിലക്ക്; ഹൈക്കോടതി സ്റ്റേ തിങ്കളാഴ്ച വരെ തുടരും








































