കാസർഗോഡ്: വിൽക്കാനായി കൊണ്ടുവന്ന പോത്ത് കയറു പൊട്ടിച്ച് വിരണ്ടോടിയതോടെ മുള്ളേരിയ പ്രദേശത്തെയാകെ മണിക്കൂറുകളോളമാണ് മുൾമുനയിൽ നിർത്തിയത്. എന്നാൽ പോത്തിനെ പിടിച്ചുകെട്ടാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾ ഒന്നിനുപുറകെ ഒന്നായി പാളുകയായിരുന്നു. തുടർന്ന് ഉടമസ്ഥർ എത്തി കാറിടിപ്പിച്ച് വീഴ്ത്തിയാണ് പോത്തിനെ തളച്ചത്. ഇതിനിടിയിൽ പോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലയിലെ മുള്ളേരിയ കാറഡുക്ക പണിയയിൽ ഇന്നലെ രാവിലെ 11നാണ് സംഭവം. പറമ്പിൽ ജോലി എടുക്കുകയായിരുന്നു പണിയയിലെ പ്രഭാകര പൂജാരി (42), താരാനാഥ റാവു (52) എന്നിവർക്കാണ് പോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ പെരുന്നാളിന് അറക്കാനായി കൊണ്ടുവന്ന പോത്തായിരുന്നു വിരണ്ടോടിയത്. വിൽപന നടക്കാതെ വന്നതോടെ പോത്തിനെ ഒരു പറമ്പിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാൽ, പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് പോത്ത് കയറു പൊട്ടിച്ച് വിരണ്ടോടിയത്.
ആഴ്ചകളായി ഉടമസ്ഥർ ഈ പോത്തിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. അതിനിടയിലാണ് കാറഡുക്കയിൽ പൊത്ത് വിരണ്ടോടിയ വിവരം അറിയുന്നത്. നാരാമ്പാടി ടൗണിലെത്തിയ പോത്തിനെ ഇന്നലെ വൈകീട്ടോടെയാണ് ഉടമസ്ഥർ എത്തി കാറിടിപ്പിച്ച് വീഴ്ത്തിയത്. ഇതിനിടെ നാട്ടുകാരും ഉടമസ്ഥരും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് ആദൂർ പോലീസ് എത്തി ചർച്ച നടത്തിയാണ് പോത്തിനെ കൊണ്ടുപോകാൻ ഉടമസ്ഥർക്ക് അനുവാദം നൽകിയത്. പ്രദേശത്ത് മണിക്കൂറുകളോളമാണ് പോത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
Read Also: പാലക്കാട് ഓണ വിപണി സജീവം; ജില്ലയിൽ നാളെമുതൽ ഗതാഗത നിയന്ത്രണം







































