പാലക്കാട്: ജില്ലയിലെ കെട്ടിടങ്ങൾക്കു മുകളിൽ മാസം 2.80 ലക്ഷം യൂണിറ്റ് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാവുന്ന സോളാർപാനലുകൾ സ്ഥാപിക്കുന്നു. നിലവിൽ മാസം ഉൽപാദിപ്പിക്കുന്ന 77,040 യൂണിറ്റ് സൗരോർജ വൈദ്യുതിക്ക് പുറമെയാണിത്. രണ്ട് വിഭാഗങ്ങളിലെ പദ്ധതികളിലായി 395 കെട്ടിടങ്ങൾക്ക് മുകളിലാണ് സോളാർ പാനലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഊർജകേരള മിഷനിൽ ഉൾപ്പെടുത്തി കെഎസ്ഇബിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സൗരപദ്ധതി’ മുഖാന്തരമാണ് ഉൽപാദനം.
സബ്സിഡിയുള്ളതും ഇല്ലാത്തതുമായ രണ്ടുവിഭാഗം പദ്ധതിയാണ് കെഎസ്ഇബിക്കുള്ളത്. അതിൽ സബ്സിഡിയുള്ള വിഭാഗത്തിലാണ് 318 കെട്ടിടങ്ങളിൽ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ കരാറായത്. ഇതിൽനിന്നു മാത്രം 1,340 കിലോവാട്ട് വൈദ്യുതി ഉൽപാദിക്കാനാകും.
സബ്സിഡിയില്ലാത്ത വിഭാഗത്തിൽ പുതുതായി സർക്കാരിന്റേത് ഉൾപ്പടെയുള്ള 77 കെട്ടിടങ്ങളിലും പുതുതായി പാനൽ സ്ഥാപിക്കുന്നു. ഇതിൽനിന്ന് 1,000 കിലോവാട്ട് വൈദ്യുതി ലഭിക്കും. ഈ പാനലുകൾ സ്ഥാപിക്കുന്നതോടെ ജില്ലയിൽ നിലവിലുള്ളതുൾപ്പടെ ഒരുമാസം മൂന്നരലക്ഷത്തോളം യൂണിറ്റ് വൈദ്യുതി സൗരോർജത്തിൽ നിന്ന് ഉൽപാദിപ്പിക്കാവുന്ന സംവിധാനങ്ങൾ പാലക്കാട് ഒരുങ്ങുമെന്ന് സൗരപദ്ധതി പ്രോജക്ട് എൻജിനിയർ എ ഷഫീഖ് പറഞ്ഞു.
Most Read: വിനോദസഞ്ചാര മേഖല വീണ്ടും സജീവം; ‘ലിറ്റിൽ ഇന്ത്യ കാസർഗോഡ്’ പുറത്തിറക്കി






































