ന്യൂ ഡെല്‍ഹി: തബ്‌ലീഗ് ജമാത്ത് മാര്‍ച്ചില്‍ നടത്തിയ സമ്മേളനം ഒട്ടേറെ പേര്‍ക്ക് കോവിഡ് ബാധയുണ്ടാക്കിയെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിലാണ് തങ്ങളുടെ നിലപാട് കേന്ദ്രം ഒരിക്കല്‍ കൂടി ഉറപ്പിച്ചത്. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങളൊന്നും പാലിക്കാതെയാണ് ഇവര്‍ സമ്മേളനം നടത്തിയതെന്നും ഇതുമൂലം കൂടുതല്‍ പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തെന്നും കേന്ദ്രം അറിയിച്ചു.
സമ്മേളനത്തില്‍ സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്യാതിരുന്നത് രോഗവ്യാപനത്തിന്റെ തോത് ഉയര്‍ത്തി. കേന്ദ്ര മന്ത്രി ജെ.കിഷന്‍ റെഡ്ഡിയാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. ഡെല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കോവിഡ് പടരാനുള്ള കാരണം എന്താണെന്നുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി സംസാരിച്ചത്.
നിസാമുദ്ദീനില്‍ വെച്ചാണ് വിവാദമായ തബ്‌ലീഗ് സമ്മേളനം നടന്നത്. ഇതില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. വിദേശികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് സമ്മേളനത്തില്‍ പങ്കെടുത്ത 233 പേരെയാണ് ഡെല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കേസില്‍ 956 വിദേശികളെയാണ് പ്രതി ചേര്‍ത്തത്. 36 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ പലരും മത സമ്മേളനത്തില്‍ പങ്കെടുത്തത് അനധികൃതമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.