തിരുവനന്തപുരം: അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തിയ കേസിൽ പിടിയിലായ ജൂനിയർ സൂപ്രണ്ടിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജൂനിയർ സൂപ്രണ്ടായ ആർ വിനോയ് ചന്ദ്രനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ഇയാൾ ഗയിൻ പിഎഫിന്റെ സംസ്ഥാന നോഡൽ ഓഫിസർ കൂടിയാണ്. സർക്കാർ സർവീസിലിരിക്കുന്ന ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തതായും കടുത്ത അച്ചടക്ക ലംഘനവും ഗുരുതരമായ കൃത്യവിലോപവും കാട്ടിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
പ്രൊവിഡന്റ് ഫണ്ടിലെ അപാകത പരിഹരിച്ചതിന് പ്രതിഫലമായി അധ്യാപികയെ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്താൻ ശ്രമിച്ച പിഎഫ് വിഭാഗം സംസ്ഥാന നോഡൽ ഓഫിസർ കോട്ടയത്ത് ഇന്റലിജൻസ് പിടിയിലാവുകയായിരുന്നു. ഗവൺമെന്റ് എയ്ഡഡ് ഇൻസ്റ്റിറ്റ്യൂഷണൽ പിഎഫ് നോഡൽ ഓഫിസറായ പ്രതി കോട്ടയത്ത് എത്തിയ ശേഷം സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് അധ്യാപികയെ വിളിച്ചു വരുത്തുകയായിരുന്നു.
ഈ വിവരം അധ്യാപിക ഇന്റലിജൻസ് വിഭാഗത്തെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഹോട്ടൽ മുറിയിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിനോയ് ചന്ദ്രനെതിരെ വകുപ്പുതല അച്ചടക്ക നടപടിയും അടിയന്തിരമായി ആരംഭിക്കും.
Most Read: കൊച്ചി മെട്രോ സേവനങ്ങൾ ഇനി വാട്സ്ആപ്പിലൂടെയും അറിയാം