തിരൂർ: കുളത്തിൽ കുളിക്കാൻ പോയ കുട്ടികൾക്ക് ഒരു കൗതുകം. കൈയിൽ ഉണ്ടായിരുന്ന ചുവന്ന മുണ്ടെടുത്ത് തീവണ്ടിക്ക് നേരെ വീശിയാലോ എന്ന്. ഉടൻ തന്നെ കൂട്ടത്തിലൊരാൾ കോയമ്പത്തൂർ-മംഗലാപുരം എക്സ്പ്രസിന് നേരെ മുണ്ട് വീശി കാണിച്ചു. പിന്നാലെ വണ്ടി നിർത്തുകയും ചെയ്തു. എന്നാൽ കളി കാര്യം ആയപ്പോൾ കുട്ടികൾ അങ്കലാപ്പിലായി ഓടിരക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ നിറമരുതൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാവാത്ത അഞ്ചു കുട്ടികളെയും പോലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്.
തിരൂർ റയിൽവേ സ്റ്റേഷന് സമീപം തുമരക്കാവ് ക്ഷേത്രത്തിനടുത്താണ് സംഭവം. തുമരക്കാവ് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ പോയ അഞ്ചുപേരാണ് കോയമ്പത്തൂർ-മംഗലാപുരം എക്സ്പ്രസിന് നേരെ നേരെ ചുവന്ന മുണ്ട് വീശി കാണിച്ചു തീവണ്ടി നിർത്തിച്ചത്. ഉടുത്തിരുന്ന മുണ്ട് അഴിച്ചാണ് ഇവർ തീവണ്ടിക്ക് നേരെ വീശിയത്. തുടർന്ന് അപകട സാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് വണ്ടി നിർത്തുകയായിരുന്നു. എന്നാൽ വണ്ടി നിർത്തിയതോടെ പരിഭ്രാന്തരായി ഇവർ ഓടി രക്ഷപെടുകയും ചെയ്തു.
ഇവിടെ അഞ്ചു മിനിറ്റോളമാണ് തീവണ്ടി നിർത്തിയിട്ടത്. സ്റ്റേഷൻ മാസ്റ്ററെയും റെയിൽവേ സുരക്ഷാ സേനയെയും ഉടൻ തന്നെ വിവരം അറിയിച്ചിരുന്നു. തുടർന്ന് റെയിൽവേ സുരക്ഷാ സേനയുടെ അന്വേഷണത്തിൽ കുട്ടികളെ പിടികൂടുകയായിരുന്നു. ഇവരെ താക്കീത് ചെയ്തതിന് ശേഷം മലപ്പുറം ചൈൽഡ് ലൈനിൽ എത്തിച്ച് കൗൺസിൽ നൽകി. അതേസമയം, ദുരുദ്ദേശത്തോടെയാണ് മുണ്ട് അഴിച്ച് വീശി കാണിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ കുട്ടികൾക്കെതിരെ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.
Read Also: മാനന്തവാടി സ്റ്റേഷനിൽ കോവിഡ് വ്യാപനം; രണ്ടാഴ്ചക്കിടെ 15 പോലീസുകാർക്ക് രോഗം







































