വാഷിംഗ്‌ടൺ: തനിക്കെതിരായ അവിശ്വാസ പ്രമേയത്തിന് പിന്നില്‍ അമേരിക്കയാണെന്ന പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാദം തള്ളി യുഎസ് വിദേശകാര്യ മന്ത്രാലയം. ഇമ്രാന്‍ ഖാന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പാകിസ്‌ഥാന്റെ ഭരണഘടനയെയും നിയമവാഴ്‌ചയെയും അമേരിക്ക ബഹുമാനിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുവെന്നും യുഎസ് വിദേശകാര്യ മന്ത്രാലയ വക്‌താവ് നെഡ് പ്രൈസ് പറഞ്ഞു.
“പാകിസ്‌ഥാനിലെ സ്‌ഥിതിഗതികള്‍ ഞങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. അവരുടെ ഭരണഘടനയെ ഞങ്ങള്‍ ബഹുമാനിക്കുന്നു”- പ്രൈസ് പറഞ്ഞു. വിദേശ ശക്‌തികള്‍ പാകിസ്‌ഥാനിലെ പ്രതിപക്ഷവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി തന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ആരോപണം.
പ്രസംഗത്തിനിടെ ഇമ്രാന്‍ അമേരിക്കയുടെ പേര് പറഞ്ഞതും വിവാദമായിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചശേഷം വിഷമഘട്ടത്തില്‍ പാകിസ്‌ഥാനെ യുഎസ് ഉപേക്ഷിച്ചെന്നും ഇമ്രാന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇമ്രാൻ ഖാന്റെ വിധി നിര്‍ണയിക്കുന്ന അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് ഞായറാഴ്‌ച നടക്കാനിരിക്കെ ആയിരുന്നു പ്രസ്‌താവന.
Most Read: കൊളംബോയിലെ സംഘർഷം; 45 പേർ അറസ്‌റ്റിൽ, കർഫ്യൂ പിൻവലിച്ചു







































