പാലക്കാട്: പ്രളയത്തിൽ തകർന്ന് അപകടാവസ്‌ഥയിലായ വാരണി പുഴ പാലം നവംബറിൽ തുറന്നുകൊടുക്കും. പാലത്തിന്റെ തകർന്ന ഭാഗത്തിന്റെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. തകർന്ന തൂണും മേൽത്തട്ടും പൊളിച്ചുനീക്കിയ ഭാഗത്ത് സ്‌ഥാപിക്കാനുള്ള ഉരുക്കുബീമിന്റെയും മേൽത്തട്ടിന്റെയും നിർമാണവും നടക്കുന്നുണ്ട്.
പാലത്തിന്റെ ഒരു വശത്തുകൂടി കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാനുള്ള നടപ്പാത ഒരുക്കിയിട്ടുണ്ട്. പൊളിച്ചുനീക്കിയ ഭാഗങ്ങളിൽ ഇരുമ്പു കൊണ്ടുള്ള മേൽത്തട്ടും സ്‌ഥാപിച്ചാൽ വൈകാതെ തന്നെ പൊതുജനങ്ങൾക്കായി പാലം തുറന്നുകൊടുക്കും.
2018ലെ പ്രളയത്തിലാണ് മലമ്പുഴ പുഴക്ക് കുറുകെ വാരണി അക്കരക്കാട്ടിൽ നിർമിച്ച പാലത്തിന്റെ മധ്യഭാഗം തകർന്ന് തുടങ്ങിയത്. പിന്നീട് 2019ലെ പ്രളയത്തോടെ പൂർണമായും ഗതാഗത യോഗ്യമല്ലാതാവുകയായിരുന്നു. തകർന്ന പാലത്തിന് പകരം സമാന്തരമായി പുതിയ പാലം നിർമിക്കുന്നതിനുള്ള ഫണ്ട് സർക്കാർ നേരത്തെ അനുവദിച്ചിരുന്നു.
അക്കരക്കാട്, കുനുപ്പുള്ളി, കാത്തിരക്കടവ് പ്രദേശങ്ങളിലുള്ളവർക്ക് മലമ്പുഴ പഞ്ചായത്ത്, ആശുപത്രി, സ്‌കൂൾ തുടങ്ങി നിരവധിയായ ആവശ്യങ്ങൾക്ക് എളുപ്പത്തിലെത്താനാവുന്ന മാർഗം ഈ വഴിമാത്രമാണ്. ദർഘാസ് നടപടി നടത്തിയെങ്കിലും ആരും ഏറ്റെടുക്കാനില്ലാത്തതു കാരണം ഒരു വർഷത്തിൽ കൂടുതലായി നിർമാണ പ്രവൃത്തികൾ നടന്നിരുന്നില്ല.
നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ വ്യാഴാഴ്‌ച മലമ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവന്റെയും വാർഡംഗം ബി ബിനോയിയുടെയും നേതൃത്വത്തിൽ സ്‌ഥലം സന്ദർശിച്ചു.
Most Read: കോളിച്ചാൽ സപ്‌ളൈകോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന; ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി






































