തമിഴ്നാട്ടിൽ തിയേറ്ററുകൾ വീണ്ടും മിഴിതുറക്കുന്നു. തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി‘യുടെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. സെപ്റ്റംബർ 10ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ചിത്രത്തിൽ ജയലളിതയായി ബോളിവുഡ് താരം കങ്കണ റണാവത്താണ് എത്തുന്നത്. എഎൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അരവിന്ദ് സ്വാമി, നാസർ, സമുദ്രക്കനി, മധുബാല, ഭാഗ്യശ്രീ, ഷംന കാസിം തുടങ്ങി വൻ താരനിരയും അണിനിരക്കുന്നു. ജിവി പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നേരത്തെ ചിത്രത്തിന്റെ ട്രെയ്ലറും മികച്ച പ്രതികരണം നേടിയിരുന്നു.

കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ പല സംസ്ഥാനങ്ങളിലും തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരുന്നു. അക്ഷയ് കുമാറിന്റെ ബോളിവുഡ് ചിത്രം ‘ബെൽ ബോട്ടം’ ആണ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകളിൽ എത്തിയ ബിഗ് ബജറ്റ് ചിത്രം. ഓഗസ്റ്റ് 19നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

അതേസമയം തമിഴിൽ നിരവധി സിനിമകളാണ് പ്രദർശനത്തിന് തയ്യാറെടുത്തിരിക്കുന്നത്. വിജയ് സേതുപതി ചിത്രം ലാഭം, ശിവകുമാറിന്റെ ശപഥം, കോടിയിൽ ഒരുവൻ തുടങ്ങിയ ചിത്രങ്ങൾ ഉടൻതന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Most Read: ‘കൊറോണക്കാലം അല്ലേ, മാസ്ക് വച്ചുകളയാം’; വൈറലായി കുരങ്ങന്റെ വീഡിയോ







































