കണ്ണൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മോഷണത്തിനിറങ്ങിയ പ്രതി പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി കാക്കയങ്ങാട് മുബാഷിറിനെയാണ് (27) റൂറൽ ജില്ലാ ഡാൻസാഫ് പോലീസ് ടീം പിടികൂടിയത്. പയ്യോളിയിലെ ഹോം അപ്ളയൻസ് കടയിലാണ് പിപിഇ കിറ്റും മാസ്കും ധരിച്ച് ഇയാൾ മോഷണം നടത്തിയത്. . പോലീസ് ഇൻസ്പെക്ടർ പിഎം ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പയ്യോളി ഗുഡ് വേ ഹോം അപ്ളയൻസിൽ നിന്ന് 30,000 രൂപയും ഇലക്ട്രോണിക്സ് സാധനങ്ങളുമാണ് മോഷണം പോയത്. ആളെ തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് പ്രതി പിപിഇ കിറ്റ് ധരിച്ചെത്തിയത്. പയ്യോളിയിലും കൊയിലാണ്ടിയിലും സമീപ കാലത്ത് നടന്ന നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് മുബാഷിർ. കോവിഡ് കാലത്താണ് ഇയാൾ കൂടുതൽ മോഷണങ്ങളും നടത്തിയത്.
പയ്യോളിയിലെ കടക്ക് പുറമേ തച്ചൻകുന്നിലെ കടകളിലും ഇയാൾ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്ന് ലഭിച്ച സൂചനകൾ ഉപയോഗിച്ച് പയ്യോളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച കള്ളൻ കുടുങ്ങിയത്.
കഴിഞ്ഞ കുറച്ച് നാളുകളായി പയ്യോളിയിൽ മോഷണം പതിവായതിനാൽ വ്യാപാരികൾ ആശങ്കയിലായിരുന്നു. പിടിയിലായ പ്രതി മുബാഷിർ മാനന്തവാടിയിലെ പയ്യന്നൂരിലും സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ട്. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന കടകൾ ദിവസങ്ങളോളം നിരീക്ഷിച്ച് പറ്റിയ സമയം വന്നാൽ പിപിഇ കിറ്റും മാസ്കും ധരിച്ചെത്തി മോഷ്ടിക്കും. എന്തും മോഷ്ടിക്കുമെങ്കിലും കൂടുതൽ താൽപര്യം പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണെന്ന് പോലീസ് പറയുന്നു.
സിസിടിവിയിൽ തിരിച്ചറിയാതിരിക്കാനും അസമയത്ത് മറ്റുള്ളവർ സംശയിക്കാതിരിക്കാനുമാണ് മുബാഷിർ പിപിഇ കിറ്റ് ധരിക്കാറുള്ളത്. ഡാൻസാഫ് ടീമിലെ എസ്ഐമാരായ കെ സതീഷ്, സിഎച് ഗംഗാധരൻ, എഎസ്ഐ കെപി രാജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിസി ബിനീഷ്, സിപിഒ കെ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിപിഇ കിറ്റ് ധരിച്ചിരുന്നതിനാൽ ആദ്യം പ്രതിയെ തിരിച്ചറിഞ്ഞില്ല. എന്നാൽ നാല് വർഷം മുമ്പ് വടകരയിൽ ഇയാളെ മോഷണത്തിന് അറസ്റ്റ് ചെയ്ത ഡാൻസാഫ് ടീം അംഗങ്ങൾക്ക് മുബഷിറിന്റെ കാലിന്റെ പ്രശ്നം കൊണ്ട് അൽപം ചരിഞ്ഞുള്ള നടത്തം തിരിച്ചറിയാൻ കഴിഞ്ഞതാണ് കേസിന് തുമ്പായത്. പ്രതിയെ കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.








































