നിലമ്പൂർ: ആഡംബര ജീവിതത്തിനായി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി അറസ്‌റ്റിൽ. അരീക്കോട് സ്വദേശി താന്നിപ്പാറ മുഹമ്മദ് ഫൈറൂസ് (24) ആണ് പിടിയിലായത്. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശിയുടെ ബൈക്ക് മോഷ്‌ടിച്ച കേസിലാണ് പ്രതിയുടെ അറസ്‌റ്റ്. കഴിഞ്ഞ വെള്ളിയാഴ്‌ച ആയിരുന്നു സംഭവം. നിലമ്പൂർ കോവിലകം റോഡിലെ പള്ളിയിൽ എത്തിയ ആളുടെ ബൈക്കാണ് പ്രതി മോഷ്‌ടിച്ചത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇന്നലെ രാത്രി കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വെച്ചാണ് മോഷ്‌ടിച്ച ബൈക്കുമായി യുവാവ് പിടിയിലായത്. തുടർന്ന്, കോട്ടക്കൽ പള്ളിയിലെ നേർച്ചപെട്ടി പൊളിച്ച് പണം കവർന്നതും, കാടാമ്പുഴയിലെ പള്ളിയിൽ നിന്ന് 16,000 രൂപയും മൊബൈൽ ഫോണുകളും മറ്റും മോഷ്‌ടിച്ചതും യുവാവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നിലമ്പൂരിൽ നിന്ന് മോഷ്‌ടിച്ച ബൈക്കുമായാണ് പ്രതി വിവിധ ഇടങ്ങളിൽ കവർച്ച നടത്തിയത്. കോഴിക്കോട് മൊയ്‌തീൻ പള്ളിയിലും കാവനൂരിലെ പള്ളിയിലും മോഷണം നടത്തിയതിന് പ്രതി മുൻപ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
വിവിധ ആരാധനാലയങ്ങളിൽ സമാന രീതിയിൽ പ്രതി നടത്തിയ മോഷണത്തെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തുന്നതെന്ന് പ്രതി സമ്മതിച്ചതായും അന്വേഷണ സംഘം അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവൈഎസ്‌പി സജു കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Most Read: അതിശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഓറഞ്ച് അലർട്







































