തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ നവംബര്‍ പകുതിയോടെ പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കും. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി നവംബര്‍ 11 ന് അവസാനിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി പരിശോധിച്ച ശേഷം തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കും.
തിരഞ്ഞെടുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കോവിഡ് പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പ് നല്‍കും. അതിനനുസരിച്ചു മാത്രമേ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കൂ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 3 പേരെ മാത്രമേ ഒരു വീട്ടിലേക്ക് പോകാന്‍ അനുവദിക്കുകയുള്ളു. അതുപോലെ തന്നെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടത്തും. തിരഞ്ഞെടുപ്പിന് മുന്നേ ജനങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും അവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച് ബോധവല്‍ക്കരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഈ മാസം തന്നെ ആരംഭിക്കും. മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്ക് ഓണ്‍ലൈനായും, മറ്റുള്ള ഉദ്യോഗസ്ഥര്‍ക്ക് ബ്ലോക്ക് തലത്തില്‍ 30 പേരുള്ള ബാച്ചുകളായി തിരിച്ചുമാണ് പരിശീലനം നല്‍കുക. പോളിംഗ് സമയത്തെ തിരക്ക് ഒഴിവാക്കാനായി പോളിംഗ് സമയം ഒരു മണിക്കൂര്‍ കൂട്ടാനും ആലോചനയുണ്ട്.







































