പാലക്കാട്: ഡ്യൂട്ടി സമയം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് തിരികെ പോകുകയായിരുന്ന ഡോക്ടർ രോഗിയായ സ്ത്രീയെ കണ്ടപ്പോൾ കാറിൽനിന്നിറങ്ങി. രോഗവിവരങ്ങൾ തിരക്കി ഇവരുടെ കയ്യിൽ നിന്ന് എക്സ് റേ വാങ്ങി പരിശോധിച്ച് മരുന്നും എഴുതി നൽകി. ഡ്യൂട്ടിസമയം കഴിഞ്ഞിട്ടും തന്റെ രോഗിയെ കണ്ടപ്പോൾ പരിശോധിക്കാൻ മനസ് കാണിച്ച ഈ ഡോക്ടർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്.
പാലക്കാട് ഗവ. മെഡിക്കൽ കോളേജിനു മുന്നിലാണ് ഈ സംഭവം നടന്നത്. ഗവ. മെഡിക്കൽ കോളേജിലെ ഇഎൻടി അസി. പ്രൊഫസർ ഡോ. അരുണാണ് വീഡിയോയിൽ ഉള്ളത്. ഡോക്ടർ രോഗിയെ പരിശോധിക്കുന്നതു കണ്ട് സമീപത്തുള്ള ആരോ ആണ് വീഡിയോ എടുത്തിരിക്കുന്നത്. ഡോക്ടർ ഡ്യൂട്ടി ടൈം കഴിഞ്ഞ് കാറിൽ പോകുമ്പോഴാണ് കൈ ഒടിഞ്ഞ് പ്ളാസ്റ്ററിട്ട ഒരു സ്ത്രീ ഓട്ടോയിലെത്തിയത്. ഇവരെ കണ്ടപ്പോൾ ഡോക്ടർ കാറിൽനിന്നിറങ്ങി ഇവരോട് കാര്യങ്ങൾ തിരക്കി, പരിശോധിച്ച് മരുന്നും എഴുതി നൽകുകയായിരുന്നു.
ദൂരെനിന്ന് സൂം ചെയ്താണ് വീഡിയോ എടുക്കുന്നതെന്നും ഡ്യൂട്ടിസമയം കഴിഞ്ഞിട്ടും ഏത് സാഹചര്യത്തിലും രോഗികൾക്ക് ഇത്തരം പരിഗണന നൽകുന്ന ഡോക്ടർമാരെയാണ് നമുക്കാവശ്യമെന്നും വീഡിയോ എടുത്തയാൾ പറയുന്നു. രോഗിക്കുവേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകിയ ശേഷമാണ് ഡോക്ടർ തിരികെ പോയത്.
Most Read: കെഎസ്ആർടിസി സാരഥിയായി ഷീല ഇനി കൊട്ടാരക്കരയിൽ






































