മലപ്പുറം: കുപ്രസിദ്ധ മോഷ്‌ടാവ് ഷാജി എന്ന കാക്ക ഷാജി അറസ്‌റ്റിൽ. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഷാജി. താനൂർ പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. രാത്രികാലങ്ങളിൽ ജനലിനുള്ളിലൂടെ മോഷണം നടത്തുകയാണ് ഇയാളുടെ രീതി.
ഉറങ്ങികിടക്കുന്ന സ്‍ത്രീകളുടെ പാദസരവും മാലയും വളയും മറ്റ് സ്വർണാഭരണങ്ങളും ജനൽ വഴി മോഷ്‌ടിച്ചതിന് ഈ വർഷം ഷാജിയെ താനൂർ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഷാജി വീണ്ടും മോഷണങ്ങൾ നടത്തുകയായിരുന്നു.
ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുമ്പ് തന്നെ തേഞ്ഞിപ്പലം, പരപ്പനങ്ങാടി, താനൂർ സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കുറ്റകൃത്യങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു എന്ന് പോലീസ് വ്യക്‌തമാക്കി.
പ്രതിയെ പിടിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഷാജിയെ പിടികൂടിയത്.
തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ , കുന്നംകുളം, ചങ്ങരംകുളം എന്നീ പോലീസ് സ്‌റ്റേഷനുകളിലായി 50ഓളം മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.
Malabar News: പനമരത്തെ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ മോഷണം; 5.6 ലക്ഷം രൂപ കവർന്നു







































