തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ. സിനിമയിൽ വലിയ സ്വാധീനമുള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് സോണിയ തിലകൻ വെളിപ്പെടുത്തി. നടന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും, ഉചിതമായ സമയത്ത് പറയാമെന്നും സോണിയ പറഞ്ഞു.
മുറിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമുഖ നടൻ വിളിച്ചു, സന്ദേശങ്ങൾ അയച്ചു. അച്ഛനെ പുറത്താക്കിയതിൽ മോളോട് മാപ്പ് പറയണം എന്ന് പറഞ്ഞയാണ് വിളിച്ചതെന്നും സോണിയ പറഞ്ഞു. നടന് മോശം ഉദ്ദേശ്യമായിരുന്നുവെന്ന് പിന്നീട് വന്ന സന്ദേശങ്ങളിൽ നിന്നാണ് ബോധ്യപ്പെട്ടത്. റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ ഇരകൾക്ക് നീതി ലഭിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
റിപ്പോർട്ടിലെ ബാക്കി പേജുകൾ കൂടി പുറത്തുവിടണം. കോൺക്ളേവ് നടത്തി ഒത്തുതീർപ്പാക്കാനാണ് നീക്കമെങ്കിൽ നടക്കില്ല. പോലീസിൽ പരാതി നൽകിയത് കൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. സംഘടനയിലെ പുഴുക്കുത്തുകളെ കുറിച്ച് പുറത്തു പറഞ്ഞതിനാണ് അച്ഛൻ ക്രൂശിക്കപ്പെട്ടത്. സംഘടനയിൽ മാഫിയയും ഗുണ്ടായിസവും ഉണ്ടെന്നും അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞതിനാണ് നടപടി എടുത്തത്. അതിലും വലിയ വിഷയങ്ങൾ ചെയ്‌ത ആളുകളെ നിലനിർത്തിയെന്നും സോണിയ ആരോപിച്ചു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി