തിരുവനന്തപുരം: നികുതിയെ ചൊല്ലിയുള്ള തർക്കത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലൂടെയുള്ള അന്തർസംസ്‌ഥാന ബസ് യാത്രാ പ്രശ്‌നം രൂക്ഷമാകുന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസുകൾ തമിഴ്‌നാട് തടഞ്ഞു. ഇന്നലെ അർധരാത്രിയാണ് സംഭവം. തമിഴ്‌നാട് നാഗർകോവിൽ ഭാഗത്തായാണ് ബസ് തടഞ്ഞത്.
അർധരാത്രി യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിവിട്ടത് പ്രശ്‌നം രൂക്ഷമാക്കി. വിദ്യാർഥികൾ ഉൾപ്പടെ നിരവധി മലയാളികളായിരുന്നു ഭൂരിഭാഗം യാത്രക്കാരും. മറ്റ് ഏതെങ്കിലും ബസിൽ യാത്ര തുടരാനാണ് തമിഴ്‌നാട് എംവിഡി ഉദ്യോഗസ്‌ഥർ ഇവരോട് പറഞ്ഞത്. കഴിഞ്ഞ ദിവസവും കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള അന്തർ സംസ്‌ഥാന ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
ബസുകളുടെ നികുതിയുമായി ബന്ധപ്പെട്ട തമിഴ്‌നാട് മോട്ടോർ വാഹനവകുപ്പിന്റെ കടുത്ത നിലപാട് കാരണമാണ് സർവീസ് റദ്ദാക്കേണ്ടി വന്നതെന്ന് ബസ് ഉടമകൾ പറയുന്നു. വൺ ഇന്ത്യ വൺ ടാക്‌സ് പദ്ധതി പ്രകാരം നികുതി അടച്ചതാണെന്നും എന്നാൽ ഇത് തമിഴ്‌നാട് എംവിഡി ഉദ്യോഗസ്‌ഥർ അംഗീകരിക്കുന്നില്ലെന്നും ആണ് സംസ്‌ഥാനത്തെ ബസ് ഉടമകളുടെ വാദം.
തമിഴ്‌നാട്ടിൽ രജിസ്‌റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് ഉയർന്ന നികുതി വേണമെന്ന് നിലപാട് എടുത്തതോടെയാണ് സർവീസുകൾ നിർത്തിവെക്കേണ്ടി വന്നതെന്നും ബസ് ഉടമകൾ വ്യക്‌തമാക്കുന്നു. ഇതിന് പിന്നാലെയാണ് ബസുകൾ അതിർത്തികളിൽ തടഞ്ഞ് യാത്രക്കാരെ ഇറക്കി വിടുന്നതായുള്ള സംഭവങ്ങൾ പുറത്തുവരുന്നത്.
Most Read| പെരിയാറിലെ മൽസ്യക്കുരുതി; പിന്നിൽ രാസവസ്‌തുക്കളുടെ അമിത സാന്നിധ്യമെന്ന് റിപ്പോർട്