തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പഴവങ്ങാടി തകരപ്പറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകിയെത്തുന്ന സ്‌ഥലമാണിത്.
അതേസമയം, മൃതദേഹം ജോയിയുടേത് തന്നെയെന്ന് പൂർണമായും സ്‌ഥിരീകരിക്കുന്നതിനായി ബന്ധുക്കളെ ആശുപത്രിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ജോയിയെ കാണാതായി 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച അവസ്‌ഥയിലാണ്. കനാലിൽ നിന്നും പുറത്തെടുത്ത മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരാണ് ഇന്ന് രാവിലെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ടത്.
നാവികസേനയുടെ മുങ്ങൽ വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ ഇന്ന് രാവിലെ ആറരയോടെ പുനഃരാരംഭിച്ചിരുന്നു. സോണാർ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാണ് നാവികസേന തിരച്ചിൽ ആരംഭിച്ചത്. എത്ര ഇരുട്ടിലും ദൃശ്യങ്ങൾ ശേഖരിക്കാനാകും എന്നതാണ് സോണാർ ക്യാമറയുടെ പ്രത്യേകത. കഴിഞ്ഞ ദിവസം എൻഡിആർഎഫും ഫയർഫോഴ്‌സും സംയുക്‌തമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി








































