തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്‌നം അഞ്ചാം ദിവസവും പൂർണമായും പരിഹരിക്കാനായില്ല. ഇന്നലെ രാത്രി പത്തോടെ പൈപ്പ് ശരിയാക്കി പമ്പിങ് തുടങ്ങിയിട്ടും തലസ്‌ഥാനത്ത് പലയിടത്തും ഇനിയും വെള്ളം എത്തിയിട്ടില്ല. ജനങ്ങൾ വെള്ളമില്ലാതെ അലയുകയാണ്.
ഒരൊറ്റ പൈപ്പ് മാറ്റിയതിന്റെ പേരിൽ തിരുവനന്തപുരം നഗരത്തിലെ അഞ്ചുലക്ഷത്തോളം ജനങ്ങൾ നാല് ദിവസമായി കുടിവെള്ളം കിട്ടാതെ നെട്ടോട്ടത്തിലാണ്. ജലവിതരണം ഭാഗികമായി പുനഃസ്‌ഥാപിച്ചെന്ന് കോർപറേഷൻ അറിയിച്ചു. ആറ്റുകാൽ, ഐരാണിമുട്ടം എന്നിവിടങ്ങളിൽ വെള്ളമെത്തി. ഉച്ചയോടെ പ്രശ്‌നത്തിന് പരിഹാരമാകൂ എന്നാണ് പ്രതീക്ഷ.
ജലവിതരണ പ്രശ്‌നത്തിനെതിരെ സത്യഗ്രഹം നടത്തുമെന്ന് കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാർ അറിയിച്ചു. പ്രശ്‌നം പൂർണമായി പരിഹരിക്കുന്നതുവരെ 50 വാഹനങ്ങളിൽ കോർപറേഷൻ പരിധിയിൽ ജലവിതരണം ഉണ്ടായിരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ വ്യക്‌തമാക്കി. അതിനിടെ, കുടിവെള്ള പ്രശ്‌നം പരിഹരിക്കാത്തതിൽ രൂക്ഷവിമർശനവുമായി വികെ പ്രശാന്ത് എംഎൽഎ രംഗത്തെത്തി.
ജലവകുപ്പിന് വീഴ്‌ച പറ്റി. പരിചയ സമ്പന്നരായ ഉദ്യോഗസ്‌ഥരെ നിയമിക്കണം എന്നാവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്‌റ്റിന് കത്ത് നൽകും. കുറ്റക്കാരായ ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കണം. നേമത്ത് പണി നടത്താൻ നഗരം മുഴുവൻ വെള്ളംകുടി മുട്ടിക്കണോ?- വികെ പ്രശാന്ത് ചോദിച്ചു. ഉച്ചയോടെ എല്ലായിടത്തും വെള്ളമെത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
നഗരവാസികൾ കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിച്ചതിൽ മന്ത്രി റോഷി അഗസ്‌റ്റിൻ ഖേദം പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റിസ്‌ഥാപിക്കുന്ന നടപടികൾ ആരംഭിച്ചതോടെയാണ് നഗരത്തിന്റെ 44 വാർഡുകളിൽ ജലവിതരണം മുടങ്ങിയത്. 48 മണിക്കൂറിനുള്ളിൽ തീർക്കാൻ നിശ്‌ചയിച്ചിരുന്ന പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്ന ജോലികൾ വിവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി