പാലക്കാട്: ജില്ലയിലെ പട്ടാമ്പിയിൽ നഗരസഭയിലെ ടൗൺ പ്രദേശത്തു മുടങ്ങിയ ജലവിതരണം (Water supply in Pattambi) പുനസ്‌ഥാപിക്കാൻ ഒരാഴ്‌ച വൈകിയതിൽ പ്രതിഷേധിച്ചു യുഡിഎഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.
നഗരത്തിൽ കഴിഞ്ഞ ഒരാഴ്‌ചയായി നിലച്ച ജലവിതരണം പുനസ്‌ഥാപിക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. നഗരത്തിലെ നൂറുകണക്കിനു കുടുംബങ്ങളും വ്യാപാര സ്‌ഥാപനങ്ങളും ആശ്രയിക്കുന്ന ജലവിതരണ പദ്ധതിയുടെ മോട്ടർ കേടായതാണു ജലവിതരണം മുടങ്ങാൻ കാരണമായത്. നന്നാക്കാൻ കൊണ്ടുപോയ മോട്ടർ തിരിച്ചെത്തിക്കാൻ ഒരാഴ്‌ച സമയമെടുത്തു.
രണ്ടു മാസം മുൻപു മൂന്നു ലക്ഷത്തോളം രൂപ മുടക്കി വാങ്ങിയ മോട്ടറാണു കത്തിയതെന്നു നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. ലക്ഷങ്ങൾ വിലയുള്ള മോട്ടറായിട്ടും ആറു മാസം പോലും റീപ്‌ളേസ്‌മെന്റ് വാറന്റി ഇല്ലായെന്നത് ദുരൂഹമാണ്. സ്‌പെയർ മോട്ടറുകൾ ഇപ്പോഴും പ്രവർത്തനക്ഷമമല്ല എന്നതു ജലവിതരണത്തെ നഗരസഭ ഭരണസമിതി എത്ര നിസാരമായാണു കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് -കോൺഗ്രസ് പറഞ്ഞു.
ജലവിതരണം ഏകോപിപ്പിക്കാൻ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്ന യുഡിഎഫ് അംഗങ്ങളുടെ ആവശ്യം നടപ്പാക്കാൻ തയാറായില്ലെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി. മോട്ടർ സമയബന്ധിതമായി റിപ്പയർ ചെയ്‌തു വാങ്ങാനോ പുതിയ മോട്ടറിനു വാറന്റി ലഭ്യമാക്കാനോ കഴിയാത്തതു വലിയ വീഴ്‌ചയാണെന്നും വാറന്റിയുള്ള കത്തിയ മോട്ടറിനു പകരം പുതിയ മോട്ടർ വാങ്ങാതെ റിപ്പയർ ചെയ്യാൻ ഏൽപിച്ചതു കാലതാമസത്തിനു കാരണമായെന്നും കൗൺസിലർമാർ ആരോപിച്ചു.
നഗരസഭയിലെ 20, 21, 22, 23, 24 തുടങ്ങിയ വാർഡുകൾ ഉൾപ്പെടുന്ന മേലേ പട്ടാമ്പി, പന്തക്കൽ പരിസരം, ഹാർമണി സ്ട്രീറ്റ്, ലിബർട്ടി, ദുർഗാ നഗർ, പഴയ മാർക്കറ്റ് പരിസരം തുടങ്ങിയ ഭാഗങ്ങളിലാണ് കുടിവെള്ളവിതരണം നിലച്ചത്. അടിയന്തരമായി കുടിവെള്ളം പുനസ്‌ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി നഗരസഭാധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
MOST READ | നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ