മൊബൈൽ ഫോൺ നിലവിൽ വന്നിട്ട് 50 വർഷം

1973 ഏപ്രിൽ മൂന്നാം തീയതി മാർട്ടിൻ കൂപ്പർ ലോകത്തിന് മുമ്പിൽ ആദ്യമായി സെല്ലുലാർ ഫോൺ അവതരിപ്പിക്കുന്നത്. 1973ൽ അവതരിപ്പിച്ച 'ഡൈനാടാക് 8000 എക്‌സ്' എന്ന ആദ്യ സെല്ലുലാർ ഫോൺ പത്ത് വർഷങ്ങൾക്ക് ശേഷം 1983ൽ ആണ് വാണിജ്യ അടിസ്‌ഥാനത്തിൽ പുറത്തിറക്കിയത്. ഇന്ന് ലോകത്തുള്ള 800കോടി ആളുകളിൽ 710 കോടിയോളം ആളുകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്

By Trainee Reporter, Malabar News
Cell-phone
Ajwa Travels

ലോക ചരിത്രത്തിൽ തന്നെ സുപ്രധാനമായ ഒരു ദിനമാണ് ഏപ്രിൽ മൂന്ന് അതായത് നാളെ. 1973 ഏപ്രിൽ മൂന്നാം തീയതിയാണ് ലോകത്തെ തന്നെ കീഴ്‌മേൽ മറിച്ച മൊബൈൽ ഫോണിന്റെ ചരിത്രത്തിലെ നിർണായക ദിനം. അന്നാണ് മാർട്ടിൻ കൂപ്പർ ലോകത്തിന് മുമ്പിൽ ആദ്യമായി സെല്ലുലാർ ഫോൺ അവതരിപ്പിക്കുന്നത്. നാളേക്ക് മൊബൈൽ നിലവിൽ വന്നിട്ട് 50 വർഷം പൂർത്തിയാവുകയാണ്.

മൊബൈൽ ചരിത്രവും വിജയവും

1947ൽ ആണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരുതരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒരു നിശ്‌ചിത പരിധിയിൽ ഒതുങ്ങി നിന്നായിരുന്നു ഇവ പ്രവർത്തിപ്പിച്ചിരുന്നത്. ഈ സംവിധാനം വികസിപ്പിക്കാൻ പോന്ന സാങ്കേതികവിദ്യ ഒന്നും അക്കാലത്ത് ഇല്ലായിരുന്നു.

കൂടാതെ, റേഡിയോ, ടെലിവിഷൻ സംപ്രേഷണവുമായി ബന്ധപ്പെട്ട ഏത് പരീക്ഷണവും ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷന്റെ (എഫ്‌സിസി) അനുമതിയോടെ മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അമേരിക്കയിലെ ടെലികമ്യൂണിക്കേഷൻ രംഗത്തെ അധികായരായ ഐടി ആൻഡ് ടി കമ്പനി ഇക്കാലത്ത് പുതിയൊരു നിർദ്ദേശവുമായി എഫ്‌സിസിയെ സമീപിച്ചു.

റേഡിയോ സ്‌പെക്‌ട്രം ആവൃത്തി കൂടുതൽ ഉപയോഗിക്കാൻ അനുവദിക്കുക ആണെങ്കിൽ മൊബൈൽ ഫോൺ സംവിധാനം വിപുലപ്പെടുത്താമെന്നായിരുന്നു അവരുടെ നിർദ്ദേശം. എന്നാൽ, എഫ്‌സിസി ഉദ്യോഗസ്‌ഥർക്ക്‌ ഈ നൂതന സംവിധാനത്തെ കുറിച്ച് ഒരുപിടിയും ഇല്ലാത്തതുകൊണ്ട് തന്നെ തണുപ്പൻ പ്രതികരണമായിരുന്നു ഇവരിൽ നിന്ന് ഉണ്ടായിരുന്നത്.

പിന്നീട് 21 വർഷങ്ങൾക്ക് ശേഷം 1968ൽ ഐടി ആൻഡ് ടി കമ്പനിയുടെ നിർദ്ദേശം എഫ്‌സിസി അംഗീകരിച്ചു. തുടർന്ന് ഐടി ആൻഡ് ടി കമ്പനിയും ബെൽ ലാബ്‌സും ചേർന്ന് ഒരു സെല്ലുലാർ സംവിധാനം നിർമിച്ചു കമ്മീഷന് കൈമാറി. ഇതോടെ മൊബൈൽ ഫോൺ രംഗത്ത് കമ്പനികളും വ്യക്‌തികളും കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി.

ആദ്യത്തെ ഉപയോഗപ്രദമായ മൊബൈൽ ഫോൺ നിർമിക്കാൻ ബെൽ ലാബ്‌സും മോട്ടോറോള കമ്പനിയും തമ്മിൽ ഒരു മൽസരം തന്നെ നടന്നു. ഇതോടെ, 1973ൽ കൈക്കുള്ളിൽ ഒതുക്കി ഉപയോഗിക്കാവുന്ന മൊബൈൽ ഫോൺ കണ്ടുപിടിച്ച മോട്ടോറോള കമ്പനിയുടെ സിസ്‌റ്റം ഡിവിഷന്റെ ജനറൽ മാനേജരായ ഡോ. മാർട്ടിൻ കൂപ്പർ ഒരു പുതിയ യുഗത്തിലേക്കുള്ള വാതിലാണ് തുറന്നുവെച്ചത്.

‘മാർട്ടിൻ കൂപ്പർ’ മൊബൈൽ ഫോണിന്റെ പിതാവ്

1931ൽ പുറത്തിറങ്ങിയ ഒരു കോമിക് കഥാപാത്രമാണ് ദിക്ക് ട്രേസി. കൈയിൽ ഘടിപ്പിച്ച ഒരു റേഡിയോ ട്രാൻസ്‌മിറ്ററിലൂടെ ആശയവിനിമയം നടത്തുന്ന ഡിക്ക് ട്രേസി എന്ന കഥാപത്രമാണ് ഇന്നത്തെ മൊബൈൽ ഫോണുകളുടെ പിതാവായി അറിയപ്പെടുന്ന മാർട്ടിൻ കൂപ്പറിന് പ്രചോദനമായത്. 1928ൽ അമേരിക്കയിലെ ഷിക്കാഗോയിൽ മാർട്ടിൻ ഇല്ലിനോയിഡ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനിയറിങ്ങിൽ ബിരുദവും ബിരുദാന്തര ബിരുദവും എടുത്ത് മോട്ടോറോള കമ്പനിയിൽ ഉദ്യോഗസ്‌ഥനായി.

marttin kooppar
മൊബൈൽ ഫോണിന്റെ പിതാവ് മാർട്ടിൻ കൂപ്പർ

അക്കാലത്ത് അമേരിക്കയിലെ ടെലിഫോൺ വിപണി അടക്കി ഭരിച്ചിരുന്നത് ഐടി ആൻഡ് ടി കമ്പനിയാണ്. എന്തെങ്കിലും വ്യത്യസ്‌തമായ ഒരു ഉൽപ്പന്നം അവതരിപ്പിച്ചാൽ മാത്രം മറ്റൊരു കമ്പനിക്ക് ഈ മേഖലയിലേക്ക് കടന്നുവരാവുന്ന അവസ്‌ഥ. ഈ സാഹച്യത്തിലാണ് വയർ ഘടിപ്പിക്കാതെ കൊണ്ടുനടക്കാവുന്ന ഫോൺ വികസിപ്പിക്കുന്ന ചുമതല മാർട്ടിൻ കൂപ്പർക്ക് ലഭിക്കുന്നത്. അക്കാലത്ത് ഇത് സംബന്ധമായ നിരവധി ഗവേഷണങ്ങൾ നടന്നെങ്കിലും പ്രായോഗികമായി ഉപയോഗിക്കാവുന്ന തരത്തിൽ ഒരു ഉൽപ്പന്നവും പുറത്തിറങ്ങിയിരുന്നില്ല. വെല്ലുവിളി ഏറ്റെടുത്ത കൂപ്പർ 90 ദിവസത്തിനുള്ളിൽ തന്റെ ദൗത്യം പൂർത്തിയാക്കി.

1973 ഏപ്രിൽ മൂന്നാം തീയതിയാണ് മൊബൈൽ ചരിത്രത്തിന്റെ സുപ്രധാന ദിനം. അന്നാണ് മാർട്ടിൻ കൂപ്പർ ലോകത്തിന് മുമ്പിൽ ആദ്യമായി സെല്ലുലാർ ഫോൺ അവതരിപ്പിക്കുന്നത്. അദ്ദേഹം ആദ്യ വിളിച്ചത് എതിരാളികളായ ഐടി ആൻഡ് ടി കമ്പനി മേധാവി ഡോ. ജോയലിനെ ആയിരുന്നു. ‘ഞാൻ വിളിക്കുന്നത് ഒരു സെല്ലുലാർ ഫോണിൽ നിന്നുമാണ്’ എന്ന് പറയുന്നത് കേട്ട് ജോയൽ അമ്പരന്നുപോയി. ഇതോടെ, ടെലികമ്യൂണിക്കേഷൻ രംഗത്തെ കുത്തകാവകാശം ഉണ്ടായിരുന്ന ഐടി ആൻഡ് ടി കമ്പനിക്ക് മോട്ടോറോള ഒരു വെല്ലുവിളിയായി.

motorola_dynatac_800x model
ഇന്ത്യയിലെ ആദ്യ ആദ്യ സെല്ലുലാർ ഫോൺ, ഡൈനാടാക് 8000 എക്‌സ്

1973ൽ അവതരിപ്പിച്ച ‘ഡൈനാടാക് 8000 എക്‌സ്’ എന്ന ആദ്യ സെല്ലുലാർ ഫോൺ പത്ത് വർഷങ്ങൾക്ക് ശേഷം 1983ൽ ആണ് വാണിജ്യ അടിസ്‌ഥാനത്തിൽ പുറത്തിറക്കിയത്. അന്നത്തെ ഫോണിന് ഒരു കിലോയോളം ഭാരവും ഒരു ഇഷ്‌ടികയുടെ വലിപ്പവും ഉണ്ടായിരുന്നു. ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. പിന്നീട് പല കമ്പനികളും ഈ മേഖലയിൽ ഗവേഷണം നടത്തിയാണ് നാം ഇന്ന് അനുഭവിക്കുന്ന മൊബൈൽ വിപ്ളവത്തിന് കാരണമായത്.

മാർട്ടിൻ കൂപ്പറിന്റെ പേരിൽ 11 കണ്ടെത്തലുകളുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ആർലിൻ ഹാരിസും ഈ മേഖലയിലെ ഗവേഷകയായിരുന്നു. ‘ഫസ്‌റ്റ് ലേഡി ഓഫ് വയർലെസ്’ എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. സാങ്കേതിക രംഗത്തെ സംഭാവനകളെ മാനിച്ച് ഇല്ലിനോയിഡ് സർവകലാശാല 2004ൽ മാർട്ടിൻ കൂപ്പർക്ക് ബഹുമതിയായി ഡോക്‌ടറേറ്റ്‌ സമ്മാനിച്ചു. അസാധ്യമെന്ന് പലരും കരുതിയിരുന്ന കാര്യത്തെയാണ് തന്റെ കഠിനാദ്ധ്വാനവും പ്രയത്‌നവും വീക്ഷണവും കൊണ്ട് കൂപ്പർ സാധ്യമാക്കിയത്.

മൊബൈൽ വിപ്ളവം

1990കളിലാണ് മൊബൈൽ തരംഗമായി തുടങ്ങുന്നത്. 1990ലെ കണക്കനുസരിച്ചു ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്‌താക്കൾ ഉണ്ടായിരുന്നു. 2011 ന്റെ അവസാനം ആകുമ്പോഴേക്കും ഇത് 560 കോടിയായി വർധിച്ചു. 1990ൽ ഉണ്ടായിരുന്നതിനേക്കാൾ 360 മടങ്ങിലധികം. ടെൽസ്ട്രയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ കമ്പനി. ഇപ്പോൾ സ്‌പേസ് മൊബൈൽ എന്നാണ് ഈ കമ്പനിയുടെ പേര്.

1995 ജൂലൈ 31നായിരുന്നു ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ സംഭാഷണം നടന്നത്. കൊൽക്കത്തയിലെ റൈറ്റേഴ്‌സ്‌ ബിൽഡിങ്ങിലിരുന്ന് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു, കേന്ദ്ര വാർത്ത വിനിമയ മന്ത്രി സുഖ്‌റാമിനെ ‘നോക്കിയ’ കമ്പനിയുടെ ഫോൺ ഉപയോഗിച്ചു നടത്തിയ വിളിയായിരുന്നു ഇന്ത്യയിലെ ആദ്യ മൊബൈൽ ഫോൺ സംഭാഷണം.

ജ്യോതി ബസു, സുഖ്‌റാം

രാജ്യത്തെ ആദ്യ മൊബൈൽ സേവനദാതാവായിരുന്ന ‘മോദി ടെൽസ്‌ട്ര‘ എന്ന കമ്പനിയാണ് ഈ ചരിത്ര മുഹൂർത്തത്തിന് സൗകര്യം ഒരുക്കിയത്. ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ സേവനം ഡൽഹിയിലായിരുന്നു ആരംഭിച്ചത്. അന്ന് ഔട്ട് ഗോയിങ്ങ് ഇൻകമിങ്ങ് കോളുകൾക്ക് ഒരു മിനിറ്റിന് 24 എന്നതായിരുന്നു നിരക്ക്.

മൊബൈൽ ചരിത്രം കേരളം

ഡെൽഹിയിൽ മൊബൈൽ സേവനം ആരംഭിച്ച് രണ്ടു വർഷത്തോളം കഴിഞ്ഞാണ് കേരളത്തിൽ മൊബൈൽ ഫോൺ എത്തുന്നത്. ഡോ. മാർട്ടിൻ കൂപ്പർ 1973 ഏപ്രില്‍ 3ന് മൊബൈൽ കണ്ടുപിടിച്ച് 23 വർഷങ്ങൾക്ക് ശേഷം 1996 സെപ്റ്റംബർ 17നാണ് കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ വിളിനടക്കുന്നത്. എറണാകുളം ഹോട്ടല്‍ അവന്യു റീജന്റില്‍ വെച്ച് മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ള, നാവികസേനാ മേധാവി വൈസ് അഡ്‌മിറൽ ടാന്‍ഡനോട് മൊബൈല്‍ ഫോണിലൂടെ സംസാരിച്ചതാണ് കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളി.

thakazhi-first-call.jpg.image.845.440neww

1996ൽ തകഴി ശിവശങ്കരപ്പിള്ള എആർ ടാന്റണുമായി മൊബൈലിൽ സംസാരിക്കുന്നു

തകഴിക്കു പിന്നാലെ മാധവിക്കുട്ടിയുമായും ടാന്‍ഡന്‍ അന്ന് മൊബൈലില്‍ സംസാരിച്ചിരുന്നു. ഇക്കാലത്ത് മൊബൈൽ ഫോൺ കോളുകൾക്ക് ഈടാക്കിയിരുന്ന ഫീസ് വളരെ കൂടുതലായിരുന്നു. വിളിക്കുന്ന ആളിൽ നിന്ന് (ഔട്ട് ഗോയിങ്ങ്) 16 രൂപയും കോൾ സ്വീകരിക്കുന്ന (ഇൻകമിങ്ങ്) ആളിൽ നിന്ന് 8 രൂപയുമാണ് ഈടാക്കിയിരുന്നത്. ഇൻകമിങ് കോൾ പൂർണമായും സൗജന്യമായത് 2003ൽ ആണ്. കേരളത്തിൽ ആദ്യമായി മൊബൈൽ സേവനം തുടങ്ങിയത് എസ്‌കോടെൽ ആയിരുന്നു.

1996 സെപ്റ്റംബറിൽ ഉൽഘാടനം ചെയ്‌ത എസ്‌കോടെൽ ഒക്‌ടോബർ മാസത്തിലാണ് പൊതുജനങ്ങൾക്ക് സേവനം ആരംഭിച്ചത്. 1996ല്‍ തന്നെ ബിപിഎല്‍ മൊബൈലും കേരളത്തിലെത്തി. 2002ലാണ് ബിഎസ്‌എൻഎൽ കേരളത്തില്‍ സേവനം ആരംഭിക്കുന്നത്. ഇന്ത്യയിൽ മൊബൈൽ ഇന്റർനെറ്റ് കുതിപ്പിന് കാരണമായ ത്രീ ജി സേവനം തുടങ്ങുന്നത് 2010ലും ആണ്.

പിന്നീടിങ്ങോട്ട് കൈപിടിക്കുള്ളിൽ ലോകത്തിന്റെ ഒരു സ്‌പന്ദനങ്ങളും തൽസമയം എത്തുന്ന അവസ്‌ഥയിലേക്കായി വളർച്ച. പിന്നീട് ഫോർ ജിയും ഫൈവ് ജിയും മൽസര രംഗത്തേക്ക് കടന്നുവന്നു. രൂപവും ഭാവവും സൗകര്യങ്ങളും സംവിധാനങ്ങളും ഈ കുഞ്ഞൻ ഫോണിൽ ഒതുക്കുന്നതിന് വിവിധ കമ്പനികൾ മൽസരിച്ചു.

 telephone history

2016ൽ റിലയൻസ് ജിയോ കൂടി രംഗത്ത് എത്തിയതോടെ മൊബൈൽ ഫോൺ വിളിയിലും ഇന്റർനെറ്റ് ഉപയോഗത്തിലും വൻ കുതിച്ചുചാട്ടം ഉണ്ടായത്. 1998ൽ ഇന്ത്യയിൽ എട്ടു ലക്ഷം മൊബൈൽ ഫോൺ ഉപയോക്‌താക്കൾ ഉണ്ടായിരുന്നുവെങ്കിൽ 22 വർഷങ്ങൾക്കിപ്പുറം 2020116.9 കോടിയിൽ എത്തിയിരിക്കുന്നു. ആഗോളതലത്തിൽ മൊബൈൽ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഓരോ നൂറു പേരിലും 90.52 ആളുകൾക്ക് മൊബൈൽ ഫോൺ ഉണ്ടെന്ന് സാരം.

ആദ്യകാലത്ത് മോട്ടൊറോളയായിരുന്നു മൊബൈൽ വിപണിയിലെ രാജാക്കൻമാർ. പിന്നീട് നോക്കിയ അവതരിച്ചതോടെ മൊബൈൽ ഫോൺ രംഗത്ത് വിപ്ളവം തന്നെ നടന്നു. തുടർന്ന് സാംസങ് വിപണി കീഴടക്കി. പിന്നീട് സാംസങ് തകരുന്ന കാഴ്‌ചയും കണ്ടു. ഇപ്പോൾ ആപ്പിളും ഹുവായിയും ഓപ്പോയും ഷവോമിയുമൊക്കെ വിപണി കീഴടക്കിയിരിക്കുകയാണ്.

ഇന്ന് കേരളത്തിലെ ഏകദേശം നാലുകോടിയോളം ആളുകളിൽ നാലരകോടി മൊബൈൽ ഫോണുകളുണ്ട്! ലോകത്തുള്ള 800കോടി ആളുകളിൽ 710 കോടിയോളം ആളുകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. അങ്ങനെ, നാല് പതിറ്റാണ്ട് മുൻപ്, മാർട്ടിൻ കൂപ്പർ നടന്നതുപോലെ എണ്ണിയാലൊടുങ്ങാത്ത സ്‍മാർട് ഫോൺ വകഭേദങ്ങളും കൈയ്യിലൊതുക്കി ഇന്ന് കോടിക്കണക്കിന് ആളുകൾ ലോകത്തെ കൈക്കുമ്പിളിലാക്കി തലങ്ങും വിലങ്ങും നടക്കുകയാണ്.

Most Read: ബിബിസി പഞ്ചാബി ന്യൂസ്; ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE