രക്‌തദാനം മഹാദാനമെന്ന് ഏവരെയും ഓർമിപ്പിച്ചു കൊണ്ടേയിരിക്കുകയാണ് 80-കാരിയായ ജോസഫൈൻ മിഷേലൂക്ക്. ഇന്ന് പലരും രക്‌തദാനത്തിന് മടി കാണിക്കുന്നവരാണ്. എന്നാൽ, ഒരാളുടെ ജീവൻ രക്ഷിക്കുക എന്നതിനപ്പുറം വലിയൊരു സമ്മാനം നമുക്ക് മറ്റാർക്കും നൽകാനാവില്ലെന്ന് സ്വയം പറഞ്ഞു വിശ്വസിക്കുകയാണ് ജോസഫൈൻ മിഷേലൂക്ക്. തന്റെ 80ആം വയസിലും ഒരു മടിയുമില്ലാതെ രക്‌തം ദാനം ചെയ്‌ത് ഗിന്നസ് റെക്കോർഡിൽ ഇടംനേടിയിരിക്കുകയാണ് ഇവർ.
യുഎസിൽ താമസക്കാരിയായ ജോസഫൈൻ മിഷേലൂക്ക്, 1965ൽ തന്റെ 22ആം വയസു മുതൽ തുടർച്ചയായി 60 വർഷമായി രക്‌തം ദാനം ചെയ്‌ത് വരികയാണ്. ഗിന്നസ് റെക്കോർഡിലെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്ക് അനുസരിച്ചു ജീവിതകാലത്തുടനീളം ജോസഫൈൻ മിഷേലൂക്ക് 203 യൂണിറ്റ് രക്‌തമാണ് ദാനം ചെയ്‌തത്. അതായത് 96.019 മില്ലി ലിറ്റർ രക്‌തമാണ് ഇതുവരെ നൽകിയതെന്ന് സാരം.
‘സഹോദരിയാണ് രക്‌തം ദാനം ചെയ്യുന്നതിനെ കുറിച്ച് തന്നോട് ആദ്യം സംസാരിച്ചതെന്ന്’ ജോസഫൈൻ പറയുന്നു. ‘സഹോദരിക്കൊപ്പം രക്‌തദാനത്തിൽ ഞാനും പങ്കാളിയാകാൻ തീരുമാനിച്ചു. അതായിരുന്നു തുടക്കം. ഇത് മറ്റുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഉപകാരമാണ്. അതുകൊണ്ടുതന്നെ എല്ലാവരും രക്‌തം ദാനം’ ചെയ്യണമെന്നും ജോസഫൈൻ പറയുന്നു.
80ആം വയസിലും ചുറുചുറുക്കോടെ ഇരിക്കാൻ രക്‌തദാനം കൊണ്ട് സഹായകരമായെന്നും ജോസഫൈൻ പറയുന്നു. ‘രക്‌തംദാനം ചെയ്യുന്നവർക്ക് ആരോഗ്യപരമായി വലിയ ഗുണങ്ങൾ ഉണ്ടാകുമെന്നും രക്‌തം ദാനം ചെയ്യാൻ സാധിക്കുന്ന എല്ലാവരും അത് ചെയ്യണമെന്നും ജോസഫൈൻ ആവശ്യപ്പെടുന്നു’. ‘എന്റെ പേരിൽ ഒരു റെക്കോർഡ് ഉണ്ടാകുമെന്ന് ഒരിക്കൽപോലും കരുതിയിട്ടില്ല. അതിനുവേണ്ടി അല്ല ഞാൻ രക്‌തം ദാനം ചെയ്യുന്നത്. ഇതൊരു പുണ്യപ്രവൃത്തിയാണെന്നും’ ജോസഫൈൻ മിഷേലൂക്ക് പറഞ്ഞു.
വർഷത്തിൽ ചുരുങ്ങിയത് നാല് തവണയെങ്കിലും ജോസഫൈൻ രക്‌തം ദാനം ചെയ്യാറുണ്ട്. ഇത് തുടരാൻ ആഗ്രഹിക്കുന്നതായും അവർ വ്യക്‌തമാക്കി. യുഎസിലെ നിയമം അനുസരിച്ചു പൂർണ ആരോഗ്യമുള്ള ഏതൊരാൾക്കും ഏത് പ്രായത്തിലും രക്‌തം ദാനം ചെയ്യാനുള്ള അവകാശമുണ്ട്. എൺപതുകളിലും രക്‌തം ദാനം ചെയ്യാൻ എനിക്ക് സാധിക്കുന്നുവെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് ചെയ്‌തുകൂടാ എന്നും ജോസഫൈൻ മിഷേലൂക്ക് ചോദിക്കുന്നു.
Most Read: യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷയെഴുതാം; കേന്ദ്രം