കോട്ടയം: തിരുവാതുക്കലിൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അമിത് ഉറാങ്ങ് പിടിയിൽ. തൃശൂർ മാളയിൽ നിന്നാണ് പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. അസമിൽ നിന്നുള്ള അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്‌ഥലത്തിനടുത്തുള്ള കോഴിഫാമിൽ നിന്നാണ് അമിത്തിനെ പിടികൂടിയതെന്നാണ് വിവരം.
ഇന്ന് പുലർച്ചെയാണ് ഇയാൾ പിടിയിലായത്. കോട്ടയം ഗാന്ധിനഗർ എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. പ്രതിയെ കോട്ടയത്ത് എത്തിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്യും. അമിത് മൂന്നുവർഷം മുൻപ് വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്‌തിരുന്നു.
ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്‌ടിച്ചതിനും അതുപയോഗിച്ച് പണം തട്ടിയെടുത്തതിനും ഇയാൾ പിടിയിലായിരുന്നു. ഈ കേസിൽ അഞ്ചര മാസത്തോളം അമിത് ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന സമയത്ത് അമിത്തിനെ ഭാര്യ ഉപേക്ഷിച്ച് പോയെന്നും പറയുന്നു. ഇക്കാരണങ്ങളാലുള്ള വൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.
കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്‌ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൾ ശ്രീവൽസം വീട്ടിൽ ടികെ വിജയകുമാർ (65), ഭാര്യ ഡോ. മീര വിജയകുമാർ (62) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച രാത്രി പത്തിന് ശേഷമാണ് കൊലപാതകമെന്നാണ് നിഗമനം. ഇന്നലെ രാവിലെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഉടൻ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
വീടിന്റെ മതിൽ ചാടി എത്തിയ അക്രമി മുൻവശത്തെ ജനാലയുടെ ചില്ലിൽ ഡ്രില്ലർ കൊണ്ട് വിടവുണ്ടാക്കി. ആദ്യം ജനൽ തുറന്നു. തുടർന്ന് വാതിലിന്റെ കൊളുത്തും തുറന്നു. വീടിനുള്ളിൽ കയറിയ അക്രമി രണ്ട് മുറികളിൽ കിടന്നുറങ്ങിയിരുന്ന വിജയകുമാറിനെയും മീരയെയും കോടാലി കൊണ്ട് മുഖത്ത് ഉൾപ്പടെ വെട്ടി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. ഇരുവരുടെയും വസ്‌ത്രങ്ങൾ വലിച്ചുകീറാനും ശ്രമിച്ചിട്ടുണ്ട്.
തലയിൽ ആഴത്തിലേറ്റ മുറിവിൽ നിന്നുള്ള രക്‌തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ 2017ൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടുമാസത്തിനുള്ളിലാണ് അദ്ദേഹവും ഭാര്യയും കൊല്ലപ്പെടുന്നത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ