ഡെൻമാർക്ക്: പ്രമുഖ ബാഡ്മിന്റൺ ടൂർണമെന്റ് ആയ തോമസ് ആൻഡ് യൂബർ കപ്പ് മാറ്റിവച്ചു. നിലവിലെ സാഹചര്യത്തിൽ ടൂർണമെന്റ് നടത്താൻ കഴിയില്ലെന്നും അടുത്ത വർഷം ലഭ്യമാകുന്ന തീയതികളിൽ നടത്താനാണ് തീരുമാനമെന്നും ലോക ബാഡ്മിന്റൺ ഫെഡറേഷൻ അറിയിച്ചു.
അടുത്ത മാസം 3 മുതൽ 11 വരെ ഡെൻമാർക്കിലെ ആർഹസിലായിരുന്നു ടൂർണമെന്റ് തീരുമാനിച്ചിരുന്നത്. ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ചൈനീസ് തായ്പേ,ഓസ്ട്രേലിയ, തായ്ലാൻഡ്, അൾജീരിയ തുടങ്ങിയ രാജ്യങ്ങൾ ടൂർണമെന്റിൽ നിന്നും പിൻമാറിയിരുന്നു. തുടർന്നാണ് ഫെഡറേഷൻ ടൂർണമെന്റ് മാറ്റിവെക്കാൻ തീരുമാനം എടുത്തത്.
Also Read: നീറ്റ് പരീക്ഷ വിവാദം; സൂര്യക്ക് പിന്തുണയുമായി തമിഴ് മക്കൾ
“ഡെൻമാർക്കിലെ ആർഹസിൽ വെച്ച് നടത്താനിരുന്ന തോമസ് ആൻഡ് യൂബർ കപ്പ് ഫൈനൽസ് മാറ്റിവെക്കാനുള്ള തീരുമാനം എടുക്കാൻ ഫെഡറേഷൻ നിർബന്ധിതമായിരിക്കുന്നു”- ലോക ബാഡ്മിന്റൺ ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ ഒക്ടോബർ 13 മുതൽ 18 വരെ നടത്താൻ തീരുമാനിച്ച ലോക ടൂർ ഇവന്റ് മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ അടക്കമുള്ള താരങ്ങൾ മുൻപ് ടൂർണമെന്റ് നടത്തുന്നതിൽ ആശങ്ക പങ്കുവെച്ചിരുന്നു.




































