കൊപ്പം : വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നതോടെ കരകവിഞ്ഞൊഴുകുകയാണ് പാലക്കാട് ജില്ലയിലെ തൂതപ്പുഴ. മഴ ശമനമില്ലാതെ പെയ്യുന്നതിനാല്‍ മലവെള്ളപ്പാച്ചിലില്‍ നിറഞ്ഞൊഴുകുന്ന പുഴ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക പരത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും പ്രളയം കണ്ട പ്രദേശവാസികള്‍ക്ക് നിറഞ്ഞൊഴുകുന്ന പുഴ മറ്റൊരു പ്രളയം സൃഷ്ടിക്കുമോ എന്ന ആശങ്കയാണ്. പല ഭാഗങ്ങളിലും പാലങ്ങള്‍ മുട്ടിയാണ് ഇപ്പോള്‍ തൂതപ്പുഴ ഒഴുകുന്നത്. മഴ കനത്തതോടെ ഇന്നലെ മുതല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. പുഴയോരത്തു താമസിക്കുന്ന ആളുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസവും കനത്ത മഴയില്‍ പ്രദേശത്തു വെള്ളം കയറിയിരുന്നു. കരകളില്‍ താമസിക്കുന്ന ആളുകളെ പലരെയും അന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് വെള്ളം കുറഞ്ഞ് പുഴ സാധാരണ ഗതിയിലായതോടെ ആളുകള്‍ തിരികെയെത്തി തുടങ്ങിയിരുന്നു. കോവിഡ് മൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ഇപ്പോള്‍ പലരും കൃഷി ചെയ്ത് തുടങ്ങിയിരുന്നു. തൂതപ്പുഴ വീണ്ടും വരണ്ടു തുടങ്ങിയതോടെ കൃഷി നശിക്കുമോ എന്ന ആശങ്ക ആയിരുന്നു പ്രദേശവാസികള്‍ക്ക്. എന്നാല്‍ മഴ വീണ്ടും കനത്തതോടെ തൂതപ്പുഴ ഇരുകരകളും കവിഞ്ഞ് ഒഴുകാൻ തുടങ്ങിയിരിക്കുകയാണ്.
കോവിഡ് പ്രതിസന്ധി മൂലം നിരവധി ആളുകളാണ് ഇവിടെ കൃഷിയിലേക്ക് തിരിഞ്ഞത്. നാട്ടിലെത്തിയ പ്രവാസികളും ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്. വരള്‍ച്ച ഉണ്ടായാലും മഴ കനത്ത് തൂതപ്പുഴ കരകവിഞ്ഞാലും ഇവര്‍ക്ക് ആശങ്കയാണ്. ഇത്ര നാളും അധ്വാനിച്ചത് പാഴായിപ്പോകുമോ എന്ന ആശങ്ക. പുഴയില്‍ കഴിഞ്ഞ ദിവസം മുതല്‍ വെള്ളം ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പട്ടാമ്പി താലൂക്ക് ദുരന്ത നിവാരണ വിഭാഗം അധികൃതര്‍ അറിയിച്ചത്.





































