ശ്രീനഗർ: കശ്മീരിൽ ഭീകരർക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. ഷോപിയാനിൽ രാത്രി മുഴുവൻ തുടർന്ന എറ്റുമുട്ടലിൽ മൂന്നു ഭീകരരെ കൂടി സൈന്യം വധിച്ചു. ഇന്നലെ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. അടുത്തിടെ കശ്മീരിൽ നിരപരാധികളെ വെടിവെച്ചു കൊന്ന സംഭവങ്ങളിൽ പങ്കുളളവരാണ് മരിച്ച രണ്ടു ഭീകരരെന്ന് പോലീസ് പറഞ്ഞു.
ഒരു മലയാളി അടക്കം അഞ്ചു സൈനികർ ഇന്നലെ കശ്മീരിൽ വീരമൃത്യു വരിച്ചിരുന്നു. സുരൻകോട്ട് വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താൻ ശ്രമിക്കുമ്പോഴായിരുന്നു സൈനികർ വെടിയേറ്റ് കൊല്ലപ്പെട്ടത്.
കൊട്ടാരക്കര കുടവട്ടൂര്‍ സ്വദേശിയായ വൈശാഖ് (24) ആണ് വീരമൃത്യു വരിച്ച മലയാളി സൈനികൻ. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ വൈശാഖ് വീരമൃത്യു വരിച്ചത്.
പൂഞ്ചിലെ വനമേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ഭീകരർ ശ്രമിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സുരക്ഷാ സേന പൂഞ്ച് ജില്ലയിൽ തിരച്ചിൽ ആരംഭിച്ചത്. എന്നാൽ, തിരച്ചിലിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
പരിക്കേറ്റ വൈശാഖ് അടക്കമുള്ള അഞ്ച് സൈനികരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2017ലാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. മഹാരാഷ്ട്രയിലെ പരിശീലനത്തിനു ശേഷം പഞ്ചാബിലായിരുന്നു പോസ്റ്റിംഗ്. പിന്നീടാണ് പൂഞ്ചിലേക്ക് മാറിയത്.
Most Read: ബിഹാർ ഉപതിരഞ്ഞെടുപ്പ്; കനയ്യ കുമാർ-ലാലു പോരാട്ട വേദിയാകും








































