നെടുമ്പാശേരി: തിരുവാങ്കുളത്ത് കാണാതായ മൂന്നര വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്. ബന്ധുക്കളോടും പോലീസിനോടും സന്ധ്യ കുറ്റസമ്മതം നടത്തിയിരുന്നു. ബസിൽ നിന്നും കാണാതായെന്ന് ആദ്യം മൊഴി നൽകിയെങ്കിലും കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് പിന്നീട് തിരുത്തി പറയുകയായിരുന്നു.
കൊലപാതകത്തിന് പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്ന് പോലീസ് അന്വേഷിക്കും. യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഒപ്പം കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്ന് സന്ധ്യ സ്വന്തം വീട്ടിലായിരുന്നു. നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ്.
ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് തിരുവാങ്കുളത്ത് നിന്ന് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്‌ത മൂന്നരവയസുകാരി കല്യാണിയെ കാണാതായ വിവരം പുറത്തുവന്നത്. അങ്കണവാടിയിൽ നിന്ന് കൂട്ടാനായി സന്ധ്യ പോയെങ്കിലും തിരികെ എത്തുമ്പോൾ കുട്ടി കൂടെയില്ലായിരുന്നു. ചെങ്ങമനാട് പോലീസാണ് സന്ധ്യയെ കസ്‌റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്‌തത്.
ചോദ്യം ചെയ്യലിൽ മൂഴിക്കുളം ഭാഗത്തെ പാലത്തിന് സമീപത്തായി കുഞ്ഞിനെ ഉപേക്ഷിച്ചതായി സന്ധ്യ പറഞ്ഞു. പ്രതികൂല കാലാവസ്‌ഥയിലായിരുന്നു കുട്ടിക്കായുള്ള തിരച്ചിൽ. സംഭവ സ്‌ഥലത്ത് സന്ധ്യയെ എത്തിച്ച് ഇവർ ചൂണ്ടിക്കാണിച്ച ഭാഗത്തായി തിരച്ചിൽ നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മൂഴിക്കുളം പാലത്തിനടിയിലെ പുഴയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കസ്‌റ്റഡിയിലുള്ള സന്ധ്യയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. സന്ധ്യയോടൊപ്പം കുട്ടി ഇന്നലെ വൈകീട്ട് നാലുമണിവരെ മറ്റക്കുഴിയിൽ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് പോയിരുന്നു. മറ്റക്കുഴിയിൽ നിന്ന് തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോയിലാണ് പോയത്. അവിടെ നിന്ന് ബസിലാണ് ആലുവയിലേക്ക് പോയത്.
ആലുവ വരെ ബസിൽ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നുമാണ് സന്ധ്യ ആദ്യം പറഞ്ഞത്. പിന്നീടാണ് മൂഴിക്കുളം പാലത്തിനടുത്ത് വെച്ച് കുട്ടിയെ കാണാതായെന്ന് പറഞ്ഞത്. പിന്നാലെ പോലീസും സ്‌കൂബ സംഘവും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഇന്നലെ രാത്രി ആരംഭിച്ച തിരച്ചിൽ ഇന്ന് പുലർച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുംവരെ നീണ്ടു.
Most Read| ‘എല്ലാവർക്കും അഭയം നൽകാൻ ഇന്ത്യ ധർമശാലയല്ല’; ശ്രീലങ്കൻ പൗരന്റെ ഹരജി തള്ളി