തൃശൂർ : സംസ്ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശൂർ പൂരം നടത്താൻ തീരുമാനമായി. ഇതിന്റെ ഭാഗമായി കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ചടങ്ങുകൾ നടത്തും. കൂടാതെ ആളുകൾ എത്തുന്നത് പരമാവധി നിയന്ത്രിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ന് നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
കോവിഡ് പശ്ചാത്തലത്തിൽ പൂരം നടത്താൻ തീരുമാനിച്ചതിനാൽ തന്നെ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ സാധിക്കുകയില്ല. എന്നാൽ രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്ത് പൂരം എത്രത്തോളം വിപുലമായി നടത്തണമെന്നും, എത്രത്തോളം ആളുകളെ ഉൾക്കൊള്ളിക്കാമെന്നും പിന്നീട് തീരുമാനിക്കുമെന്ന് ഇന്ന് നടന്ന യോഗത്തിന് ശേഷം അറിയിച്ചു.
ഏപ്രിൽ 23ആം തീയതിയാണ് തൃശൂർ പൂരം നടക്കുന്നത്. പൂരം നടത്തുന്നതിന് വേണ്ട തീരുമാനങ്ങൾ എടുക്കുന്നതിനായി പ്രത്യേക സമിതി രൂപികരിക്കും. രണ്ടാഴ്ച കൂടുമ്പോൾ ഈ സമിതി യോഗം ചേർന്ന് സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തും. അതിന് ശേഷം മാർച്ച് മാസത്തോടെ പൂരം നടത്തുന്നതിൽ അന്തിമ തീരുമാനം എടുക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ കോവിഡ് പശ്ചാത്തലം നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പൂരം നടത്താൻ തയ്യാറാണെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ സമ്മതം അറിയിച്ചിട്ടുണ്ട്.
Read also : സംസ്ഥാന ട്രഷറി സോഫ്റ്റ്വെയറില് വീണ്ടും പിഴവ്







































