തൃശൂർ: 25 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ നാലര വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചിരിക്കുകയാണ് 63-കാരിയായ സുഹറ. വടക്കേക്കാട് മണികണ്‌ഠേശ്വര കിഴക്ക് തെക്കേപാട്ടയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയാണ് ഭർതൃസഹോദരന്റെ പേരക്കിടാവ് മുഹമ്മദ് ഫൈസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
വീടിനടുത്തുള്ള മോട്ടോർപുരയുടെ മുകളിൽ വീണ നെല്ലിക്ക പെറുക്കാൻ കിണറിന്റെ ആൾമറയിൽ ചവിട്ടി കയറിയപ്പോഴാണ് മുഹമ്മദ് ഫൈസിൻ കിണറ്റിലേക്ക് വീണത്. ഈ സമയം സുഹറയുടെ മകന്റെ മകൾ ഏഴുവയസുകാരി ഫിൻസയും, ഭർത്താവിന്റെ മറ്റൊരു സഹോദരന്റെ മകൻ ഏഴുവയസുകാരനായ ബാരിഷും മോട്ടോർ പുരയുടെ മുകളിൽ ഉണ്ടായിരുന്നു.
ഇവരാണ് ഫൈസിൻ കിണറ്റിൽ വീണ വിവരം സുഹറയെ അറിയിച്ചത്. ഓടിയെത്തിയ സുഹറ കണ്ടത് വെള്ളത്തിൽ മുങ്ങിത്താഴുന്ന ഫൈസിനെ ആണ്. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. നാലര വയസുകാരന്റെ മുഖം മാത്രമായിരുന്നു പിന്നീട് സുഹറയുടെ മനസിൽ. മിന്നൽ വേഗത്തിൽ മോട്ടോറിന്റെ ഹോസ് കെട്ടിയ കയറിൽ തൂങ്ങി കിണറ്റിലിറങ്ങിയ സുഹറ അവനെ കോരിയെടുത്തു.
എന്നാൽ, ശരീരം തളർന്നതോടെ അവനെയും കൊണ്ട് മുകളിലേക്ക് കയറാൻ പറ്റാത്ത അവസ്‌ഥയിലായിരുന്നു സുഹറ. കുട്ടിയെ മാറത്തണച്ച് കിണർ റിങ്ങിൽ പിടിച്ചു പത്ത് മിനിറ്റോളം സുഹറ വെള്ളത്തിൽ കിടന്നു. ഇതിനിടെ, കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധു അഷ്‌കർ ആണ് കിണറ്റിലിറങ്ങി സുഹറയെയും ഫൈസിനെയും മുകളിലേക്ക് കയറ്റിയത്. ഫൈസിന് ചെവിയിൽ നിസ്സാര പരിക്കേയുള്ളൂ.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ