കൽപ്പറ്റ: വയനാട്ടിൽ വീട്ടമ്മയെ കൊന്നുതിന്ന നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭാ പരിധിയിലെ പഞ്ചാരക്കൊല്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ ന്യായ സംഹിത 13 പ്രകാരമാണ് നടപടി. ജനുവരി 24 മുതൽ 27 വരെയാണ് നിരോധനാജ്ഞ.
നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. നാളെ മാനന്തവാടി മുൻസിപ്പാലിറ്റി പരിധിയിൽ യുഡിഎഫ് ഹർത്താലും ആചരിക്കും.
ഇന്ന് രാവിലെയാണ് പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിൽ വനംവകുപ്പ് വാച്ചറായ അപ്പച്ചന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെട്ടത്. രാവിലെ വനത്തോട് ചേർന്ന് പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘമാണ് പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് രാധയെ കടുവ കൊന്നതെന്നാണ് വിവരം. അതിനുശേഷം മൃതദേഹം അൽപ്പദൂരം വലിച്ചിഴച്ച് കൊണ്ടുപോയി.
രാധയുടെ കുടുംബത്തിന് ധനസഹായമായി നിലവിലെ മാനദണ്ഡപ്രകാരം പത്തുലക്ഷം രൂപയും അതിന് പുറമെ ഒരുലക്ഷം കൂടി ചേർത്ത് 11 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഇതിൽ അഞ്ചുലക്ഷം ഇന്ന് തന്നെ കൈമാറുമെന്ന് മന്ത്രി ഒആർ കേളു പറഞ്ഞു. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകും. രാധയുടെ മകന് ജോലി നൽകണമെന്നാണ് ആവശ്യം.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അതേസമയം, ആക്രമിച്ച കടുവയെ വെടിവെച്ച് കൊല്ലാൻ സർക്കാർ ഉത്തരവിട്ടു. പ്രദേശത്ത് ആർആർടി ടീമിനെ നിയോഗിക്കും. കടുവയെ പിടികൂടാൻ സ്ഥലത്ത് ഇന്ന് തന്നെ കൂടുകൾ സ്ഥാപിക്കും. വനാതിർത്തിയിൽ പ്രതിരോധം ഒരുക്കുന്നതിനായി ഫെൻസിങ് നിർമാണം വേഗത്തിലാക്കും. ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയുടെ അമ്മാവന്റെ ഭാര്യയാണ് കൊല്ലപ്പെട്ട രാധ.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും