മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങളെ സന്ദർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. എംപിമാരായ ഡെറിക് ഒബ്രയൻ, മഹുവ മൊയ്‌ത്ര എന്നിവരാണ് ടിഎംസി സംസ്‌ഥാന കോ-ഓർഡിനേറ്റർ പിവി അൻവറിനൊപ്പം പാണക്കാട്ടെത്തിയത്.
എൽഡിഎഫ് വിട്ടതിന് പിന്നാലെ എംഎൽഎ സ്‌ഥാനം രാജിവെച്ച് യുഡിഎഫ് പ്രവേശനം കാത്ത് കഴിയുന്ന അൻവറിന്റെ രാഷ്‌ട്രീയ നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്‌ച എന്നാണ് സൂചന. അതേസമയം, ടിഎംസി മുന്നണി പ്രവേശനം യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. ടിഎംസി ഇപ്പോൾ തന്നെ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്, അതിനാൽ യുഡിഎഫിന്റെ ഭാഗമാകുന്നതിന് തടസങ്ങളുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ശേഷം രണ്ടാം തവണയാണ് പണക്കാട്ടെത്തുന്നത്. അതിനിടെ, മേയ് രണ്ടാം വാരത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് ഒരുലക്ഷം പേരുടെ റാലി സംഘടിപ്പിക്കുമെന്ന് പിവി അൻവർ പറഞ്ഞു. പാർട്ടിയുടേത് അംഗത്വ വിതരണ ക്യാംപെയ്ൻ മാർച്ചിൽ നടക്കും.
നാളെ മഞ്ചേരിയിൽ നടക്കുന്ന സംസ്‌ഥാന പ്രതിനിധി സമ്മേളനത്തിൽ രാജ്യസഭാ കക്ഷി നേതാവ് ഡെറിക് ഒബ്രയൻ, മഹുവ മൊയ്‌ത്ര എംപി തുടങ്ങിയവർ പങ്കെടുക്കും. മഞ്ചേരി മെട്രോ വില്ലേജിൽ നാളെ ഉച്ചയ്‌ക്ക് ശേഷമാണ് പ്രതിനിധി സമ്മേളനം. ഇതിന്റെ ഭാഗമായി രാവിലെ ‘ഫാഷിസവും ഭരണഘടന നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡെറിക് ഒബ്രയനും ‘വന്യജീവി ആക്രമണങ്ങളും വനനിയമങ്ങളും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മഹുവയും ഉൽഘാടനം ചെയ്യും.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ