വയനാട്: കോവിഡിനെ തുടർന്ന് പ്രതിസന്ധി നേരിട്ട നീലഗിരിയിലെ വിനോദസഞ്ചാരത്തിന് നിലവിൽ പുത്തൻ ഉണർവ്. കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെയും, നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചു തുടങ്ങിയതോടെയും ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾ എത്തിത്തുടങ്ങി. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ യാത്രക്കാരും നീലഗിരിയിൽ എത്തുന്നത്.
നിലവിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും സഞ്ചാരികളുടെ എണ്ണം വർധിക്കുന്നുണ്ട്. എന്നാൽ ഇ-പാസും, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റും നിർബന്ധമായതിനാൽ പഴയ രീതിയിൽ ആളുകൾ എത്തുന്നില്ല. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്.
നീലഗിരിക്ക് ഒപ്പം തന്നെ ഊട്ടി, മുതുമല, മസിനഗുഡി എന്നിവിടങ്ങളിലും നിലവിൽ സഞ്ചാരികൾ എത്തുന്നുണ്ട്. അക്രമകാരിയായ കടുവയെ പിടികൂടുന്നതിനായി 2ദിവസം മസിനഗുഡി ഗൂഡല്ലൂർ റോഡ് അടച്ചിട്ടിരുന്നു. കടുവയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുതുമലയിൽ കാനന സവാരിയും ആന സവാരിയും നടക്കുന്നുണ്ട്. ചെറുകിട കച്ചവടക്കാരെല്ലാം തിരിച്ചെത്തി തുടങ്ങുകയും ചെയ്തു.
Read also: ഡീസൽ വിലയിൽ വർധന; കൊയ്ത്തിലും പ്രതിസന്ധി രൂക്ഷമാകുന്നു








































