മുംബൈ: നവിമുംബൈയിലെ വാഷിയിൽ അപ്പാർട്ട്മെന്റ് കോംപ്‌ളക്‌സിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പടെ ആറുപേർ മരിച്ചു. പത്ത് പേർക്കോളം പരിക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്‌ടർ 17ലെ റഹേജ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. തീപിടിക്കാനുണ്ടായ കാരണം വ്യക്‌തമായിട്ടില്ല.
ഷോർട് സർക്യൂട്ട് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ ആറുവയസുള്ള വേദിക സുന്ദർ ബാലകൃഷ്‌ണനും ഉൾപ്പെടുന്നു. സുന്ദർ ബാലകൃഷ്‌ണൻ (44), പൂജ രാജൻ (39), കമല ഹിരാൽ ജെയിൻ (84) എന്നിവരാണ് മരിച്ച മറ്റുള്ളവർ. അപ്പാർട്ട്മെന്റിൽ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്. 10ആം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്.
പിന്നീട് അത് മുകൾ നിലകളിലേക്ക് പടരുകയായിരുന്നു. ആറുവയസുകാരി 12ആം നിലയിലാണ് താമസിച്ചിരുന്നത്. തീ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച മുംബൈയിലെ കഫെ പരേഡ് മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ 15 വയസുകാരൻ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ
































