കോഴിക്കോട്: ജില്ലയിലെ കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
നിർമാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ പണിയുന്നതിനിടെയാണ് സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. കൂടെയുണ്ടായിരുന്നവർ മതിലിന്റെ ഭാഗങ്ങൾ മാറ്റി ഉദയ്യെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അരമണിക്കൂറിന് ശേഷം ഫയർഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്. ഹൈഡ്രോളിക് ജാക്കിവെച്ചാണ് മതിൽ ഉയർത്തിയത്.
”പുതിയ മതിൽ നിർമിക്കുന്നതിനിടെ മണ്ണ് താഴ്ന്നാണ് പഴയ മതിൽ ഇടിഞ്ഞത്. ഉദയ് മാഞ്ചിയുടെ തല അവശിഷ്ടങ്ങൾക്ക് അടിയിൽ കുടുങ്ങി. മലയാളി ഉൾപ്പടെ മൂന്ന് ജോലിക്കാരാണ് ഉണ്ടായിരുന്നത്. നാട്ടുകാർ ശ്രമിച്ചെങ്കിലും മതി ഉയർത്താൻ കഴിഞ്ഞില്ല”- ദൃക്സാക്ഷി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Most Read| എഴുത്തച്ഛൻ പുരസ്കാരം കവി കെജി ശങ്കരപ്പിള്ളയ്ക്ക്



































