കൊച്ചി: തൽക്ഷണ പണ കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങുകയാണ് ഡിജിറ്റൽ പേയ്മെന്റ് പ്ളാറ്റ്ഫോമായ ഗൂഗിൾ പേ. ഇനി മുതൽ ഗൂഗിൾപേ ഇടപാടുകൾക്ക് പണം നൽകേണ്ടി വരും. ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണ കൈമാറ്റത്തിന് 1.5 ശതമാനം ഫീസ് ആണ് നൽകേണ്ടി വരിക. ഏറ്റവും ഉയർന്ന നിരക്ക് 2000 രൂപയാണ്.
കൂടാതെ, ഗൂഗിൾ പേ മൊബൈൽ ആപ്പ് വഴി അയക്കുന്ന പണം ബാങ്ക് അക്കൗണ്ടിലേക്ക് എത്താൻ 1 മിനിറ്റ് മുതൽ 3 പ്രവർത്തി ദിവസംവരെ എടുത്തേക്കുമെന്നും കമ്പനി അറിയിച്ചു.
ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് കമ്പനി നേരത്തെ നിരക്കൊന്നും ഈടാക്കിയിരുന്നില്ല. ഫീസ് ഏർപ്പെടുത്തിയതിനോടൊപ്പം പണമിടപാടുകൾ കൈകാര്യം ചെയ്യാനും പണം കൈമാറാനും മൊബൈൽ ആപ്പിനൊപ്പം ലഭ്യമായ ഗൂഗിൾ പേയുടെ വെബ് ആപ്ളിക്കേഷൻ Pay.google.com സേവനവും കമ്പനി നിർത്തലാക്കി.
അടുത്ത വർഷം ജനുവരി മുതൽ വെബ് ആപ്ളിക്കേഷൻ വഴി പണം കൈമാറാനോ സ്വീകരിക്കാനോ കഴിയില്ല. എന്നാൽ പണമിടപാടുകൾ കൈകാര്യം ചെയ്യാൻ അനുവദിക്കും. വെബ് ആപ്ളിക്കേഷന്റെ പ്രധാന സേവനമായ പിയർ ടു പിയർ സേവനങ്ങളും ഇതിനോടൊപ്പം നീക്കം ചെയ്യും. തുടർന്ന് ഗൂഗിൾ പേ സേവനങ്ങൾ പൂർണമായും മൊബൈൽ ആപ്ളിക്കേഷനിൽ മാത്രമായി മാറും.
പഴയ ഗൂഗിൾ പേ ആപ്പ് സ്മാർട് ഫോണുകളിൽ പ്രവർത്തിക്കുന്നത് 2021 ജനുവരി മുതൽ നിർത്തലാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്കായി പുതിയ ഗൂഗിൾ പേ ഈ മാസം ആദ്യമാണ് കമ്പനി പുറത്തിറക്കിയത്. ലോഗോയും മാറ്റിയിട്ടുണ്ട്. പുതിയ ഫീച്ചറുകളോടെ ഗൂഗിൾ പേ ആപ്പ് ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്ന് ഗൂഗിൾ അധികൃതർ അറിയിച്ചു.






































