കൊച്ചി: ശക്തമായ കാറ്റിലും മഴയിലും നേര്യമംഗലം വില്ലാഞ്ചിറയിൽ മരം കടപുഴകി കാറിന് മുകളിൽ വീണ് ഒരുമരണം. മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇടുക്കി രാജകുമാരി സ്വദേശികളാണെന്നാണ് വിവരം. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
കെഎസ്ആർടിസി ബസിന് മുകളിൽ ഒരു മരം വീണിരുന്നു. ഇത് വെട്ടിമാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് തൊട്ടടുത്ത് നിന്ന് മറ്റൊരു മരം ആ ഭാഗത്തേക്ക് വന്ന കാറിന് മുകളിലേക്ക് വീണത്. മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടർന്ന് കാർ പൂർണമായും തകർന്നു. ഒരു ഗർഭിണിയടക്കം നാല് യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
മരത്തിന്റ ശിഖരങ്ങളാണ് ബസിന് മുകളിലേക്ക് വീണത്. ഇതേത്തുടർന്ന് ബസിന്റെ പിൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി. വൈകിട്ട് നാലരയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
Most Read| സംസ്ഥാനത്ത് ഇന്നും കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്, എട്ടിടത്ത് യെല്ലോ